അൻവറുമായി ചർച്ച നടത്തുന്നത് മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയാൻ: രാഹുൽ മാങ്കൂട്ടത്തിൽ
ഉപതെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയെ നിർത്തിയ പി.വി അൻവറുമായി യുഡിഎഫ് ചർച്ച നടത്തുന്നത് മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയാൻ ആണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ.
പിവി അൻവറിന്റെ പിന്തുണ തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സംസ്ഥാനത്തെ പ്രതിപക്ഷം ദീർഘകാലമായി ഉന്നയിക്കുന്ന പ്രശ്നങ്ങളാണ് തുറന്നു പറഞ്ഞിരിക്കുന്നത്. പാലക്കാട് ചർച്ചയാവുക യുഡിഎഫിലെ വിമത ശബ്ദങ്ങളല്ല കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ വീഴ്ചകളാണെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.
യുഡിഎഫിന് ലഭിക്കേണ്ട മതേതര വോട്ടുകൾ ഭിന്നിച്ച് പോകാതിരിക്കാനാണ് അൻവറിൻ്റെ പിന്തുണ തേടുന്നത്. യുഡിഎഫ് 8 വർഷമായി പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങൾ ഭരണ പക്ഷത്ത് നിന്ന് തുറന്ന് പറഞ്ഞയാളാണ് അൻവർ. അതേസമയം, ഡിഎംകെ സ്ഥാനാർത്ഥികളെ പിൻവലിച്ച് യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് പിവി അൻവറിനോട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു.