തമിഴ് നടൻ സത്യരാജിന്റെ മകൾ ദിവ്യ രാഷ്ട്രീയത്തിലേക്ക്
തമിഴിൽ നിന്നുള്ള പ്രശസ്ത തെന്നിന്ത്യൻ നടൻ സത്യരാജിന്റെ മകൾ ദിവ്യ സത്യരാജ് രാഷ്ട്രീയത്തിലേക്ക്. രാഷ്ട്രീയത്തിൽ ചേരാൻ ആഗ്രഹിക്കുന്നതായി നേരത്തെ ഒരു അഭിമുഖത്തിൽ ദിവ്യ സൂചന നൽകിയിരുന്നു. ഈ പ്രസ്താവന സ്ഥിരീകരിക്കുകയാണ് സത്യരാജ്.
സംസ്ഥാനത്തെ രാഷ്ട്രീയത്തിലേക്ക് വരാനുള്ള മകളുടെ തീരുമാനത്തെ താൻ പിന്തുണയ്ക്കുമെന്നും ദിവ്യ കഠിനാധ്വാനിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സാമൂഹിക നീതിയോടും രാഷ്ട്രീയത്തോടുമുള്ള മമത കോളേജ് കാലത്താണ് ആരംഭിച്ചതെന്ന് ദിവ്യ പറയുന്നു. സ്വന്തം സംസ്ഥാനത്തിനും ജനങ്ങൾക്കുമായി നിസ്വാർത്ഥമായി പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും അതിനാലാണ് രാഷ്ട്രീയത്തിലേക്ക് വരാൻ തീരുമാനിച്ചതെന്നും ദിവ്യ കൂട്ടിച്ചേർത്തു.
ന്യുട്രീഷ്യനിസ്റ്റായി ജോലിചെയ്യുന്ന ദിവ്യ അടുത്തിടെയാണ് പാവപ്പെട്ടവർക്ക് സൗജന്യ പോഷകാഹാരം നൽകുന്നതിനായി മഹിൽമതി ഇയക്കം എന്ന പേരിൽ ഒരു പ്രസ്ഥാനം ആരംഭിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മിഡ് ഡേ മീൽ പരിപാടിയായ അക്ഷയപാത്രയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ദിവ്യ. ശ്രീലങ്കൻ ദ്വീപായ നെടുന്തീവിലെ തമിഴ് ജനതയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സെറൻഡിപ് എന്ന എൻജിഒയുമായും ദിവ്യ പ്രവർത്തിക്കുന്നുണ്ട്.