സഹപ്രവർത്തകയെ അപമാനിക്കാൻ ശ്രമം; തമിഴ്‌നാട് ബിജെപി നേതാവിനെ സസ്‌പെൻഡ് ചെയ്തു


വനിതാ നേതാവിന്റെ അപമാനിക്കാൻ ശ്രമിച്ചതിന് തമിഴ്‌നാട് ബി.ജെ.പി ഒ.ബി.സി വിഭാഗം നേതാവ് സൂര്യ ശിവയെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. വനിതാ നേതാവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടിയുണ്ടായത്.
വനിതാ വെട്ടാൻ ഗുണ്ടകളെ അയയ്‌ക്കുമെന്നും, ജനനേന്ദ്രിയം മുറിച്ച് മറീന ബീച്ചിലേക്ക് വലിച്ചെറിയുമെന്നും ഉള്ള ഭീഷണി സന്ദേശമാണ് നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. തുടർന്ന് വ്യാഴാഴ്ച ഇരു നേതാക്കളും അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായിരുന്നു. ഇതിനു ശേഷമാണ് സൂര്യ ശിവയെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
എന്നാൽ ശിവയ്ക്ക് പാർട്ടി വോളന്റിയറായി പ്രവർത്തിക്കാൻ കഴിയുമെന്നും, പെരുമാറ്റത്തിൽ ഒരു മാറ്റം കാണുകയാണ് എങ്കിൽ ഉത്തരവാദിത്തങ്ങൾ അവനിലേക്ക് തിരികെയെത്തും എന്നും മിഴ്‌നാട് ബിജെപി മേധാവി കെ അണ്ണാമലൈ പറഞ്ഞു. സ്ത്രീകളെ ദേവതകളായിട്ടാണ് ബിജെപി ആരാധിക്കുന്നതെന്നും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കെ അണ്ണാമലൈ കൂട്ടിച്ചേർത്തു.
കുറച്ച് മാസങ്ങൾക്ക് മുമ്പ്, ബിജെപി ജനറൽ സെക്രട്ടറി കെടി രാഘവൻ ബിജെപി വനിതാ പ്രവർത്തകയോട് നടത്തിയ മോശം വീഡിയോ കോളിന്റെ റെക്കോർഡിംഗ് വൈറലായിരുന്നു. അദ്ദേഹം രാജിവച്ചെങ്കിലും പാർട്ടി ആരംഭിച്ച അന്വേഷണത്തിൽ നിന്ന് ഒന്നും പുറത്തുവന്നില്ല.
മുതിർന്ന ഡിഎംകെ നേതാവും പാർട്ടിയുടെ രാജ്യസഭാ എംപിയുമായ തിരുച്ചി ശിവയുടെ മകൻ സൂര്യ ശിവ ഈ വർഷം മേയിലാണ് ബിജെപിയിൽ ചേർന്നത്.