ഓണ്‍ലൈന്‍ ചൂതാട്ട നിരോധന നിയമം നടപ്പിലാക്കി തമിഴ്നാട്

single-img
29 October 2022

ചെന്നൈ: തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ട നിരോധന നിയമം നിലവില്‍ വന്നു. ഇക്കഴിഞ്ഞ 19 ന് നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവി ഒപ്പുവച്ചു.

സെപ്റ്റംബര്‍ 26ന് മന്ത്രിസഭ പാസാക്കിയ ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ഓര്‍ഡിനന്‍സിന് പകരമാണ് പുതിയ നിയമം. ഇതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും തമിഴ്നാട്ടില്‍ നിയമവിരുദ്ധമായി. ഓണ്‍ലൈന്‍ റമ്മിയടക്കം ചൂതാട്ടങ്ങളുടെ എല്ലാതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും. ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നിയമം നിഷ്കര്‍ഷിക്കുന്നു.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പേയ്മെന്റ് ഗേറ്റ് വേകളും ഓണ്‍ലൈന്‍ ചൂതാട്ട, ഗെയിമിംഗ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പണം കൈമാറരുത്. ഓണ്‍ലൈന്‍ റമ്മിയടക്കം ചൂതാട്ടങ്ങള്‍ക്ക് അടിമകളായി ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളുമടക്കം ഇരുപതിലേറെപ്പേര്‍ തമിഴ്നാട്ടില്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തെപ്പറ്റി ആലോചിച്ചത്. തമിഴ്നാട് സര്‍ക്കാര്‍ പാസാക്കിയ ഒരുപിടി ബില്ലുകളിന്മേല്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആര്‍.എന്‍.രവി മാസങ്ങളായി തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനിടെ ആണ് ഈ ബില്ലില്‍ ഒപ്പുവച്ചത് എന്നതും ശ്രദ്ധേയമാണ്.