തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ നടപടി ഗവർണർ പിൻവലിച്ചത് അമിത് ഷായുടെ നിർദ്ദേശത്തെ തുടർന്ന്
ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ നടപടി നാടകീയമായി തമിഴ്‌നാട് ഗവർണർ ആർഎൻ രവി മരവിപ്പിച്ചത് കേന്ദ്രസർക്കാർ ഇടപെടലിനെ തുടർന്ന്. സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഗവർണർ രവി മുഖ്യമന്ത്രി സ്റ്റാലിന് അയച്ചത് ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു. പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവർണർ ആർഎൻ രവിയുമായി സംസാരിച്ചു. അറ്റോർണി ജനറലിന്റെ ഉപദേശം തേടാൻ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടതോടെയാണ് ഗവർണർ ഇതിന് തയ്യാറായത്.
മന്ത്രിയെ പുറത്താക്കിയതായി രാത്രി ഏഴു മണിക്ക് വാർത്താക്കുറിപ്പ് ഇറക്കിയ രാജ്ഭവൻ, പിന്നീട് 4 മണിക്കൂറിനു ശേഷം മുഖ്യമന്ത്രിക്ക് പുതിയ കത്ത് അയക്കുകയായിരുന്നു. ഗവർണർ ആറ്റോർണി ജനറലിന്റെ നിയമോപദേശം തേടിയെന്നും, മറുപടി കിട്ടും വരെ ആദ്യ ഉത്തരവ് മരവിപ്പിക്കുന്നു എന്നും ആണ് രണ്ടാമത്തെ കത്തിൽ ഗവർണർ വ്യക്തമാക്കിയത്. രണ്ടാമത്തെ കത്ത് അഞ്ച് പേജുള്ളതാണെന്നും വിവരമുണ്ട്.
കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ്, ആർ എൻ രവിയുടെ തിടുക്കത്തിലുള്ള പിന്മാറ്റം എന്ന് ഇന്നലെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. ഗവർണർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മന്ത്രിയെ പുറത്താക്കിക്കൊണ്ടുള്ള കത്തിന് പിന്നാലെ എംകെ സ്റ്റാലിൻ അറിയിച്ചിരുന്നു. ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴി വെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ ആദ്യ ഉത്തരവ് പുറപ്പെടുവിച്ചത്. ബാലാജിയെ പുറത്താക്കിയതിനെ സ്വാഗതം ചെയ്ത ബിജെപി സംസ്ഥാന ഘടകത്തിനും എഐഎഡിഎംകെയ്ക്കും പിന്മാറ്റം തിരിച്ചടിയായി.
ഇന്ന് ഡിഎംകെ നേതാക്കളുടെ യോഗം ചേരുന്നുണ്ട്. തുടർന്ന് ഗവർണർക്കെതിരെ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നാണ് വിവരം. കേന്ദ്രസർക്കാരിനെതിരെയും ബിജെപിക്കെതിരെയും സംസ്ഥാനത്ത് രൂക്ഷമായ വിമർശനം ഉയർന്നിട്ടുണ്ട്. ചെന്നൈയടക്കം നിരവധി പ്രദേശങ്ങളിൽ ഗവർണർക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളിൽ പലവിധ അന്വേഷണം നേരിടുന്നവരുടെ മുഖങ്ങൾ അടക്കം ഉൾപ്പെടുത്തിയുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ തമിഴ്‌നാട്ടിൽ ഏറെ പേരും ഉപയോഗിക്കുന്ന ട്വിറ്ററിൽ #GoBackRavi എന്ന ഹാഷ് ടാഗും ട്രെന്റിങാണ്.