സുരക്ഷാ പ്രശ്നം; ആർഎസ്എസ് റൂട്ട് മാർച്ചിന് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചു
ഒക്ടോബർ 2 ന് തമിഴ്‌നാട്ടിലെ 51 സ്ഥലങ്ങളിൽ ‘റൂട്ട് മാർച്ച്’ നടത്താൻ ആർഎസ്എസ് നീക്കത്തിനെതിരെ തമിഴ് നാട് പോലീസ്. റൂട്ട് മാർച്ചിന് ഒരു കാരണവശാലും അനുമതി നൽകാനാകില്ല എന്ന് തമിഴ് നാട് പോലീസ് ആർ എസ് എസ്സിനെ അറിയിച്ചു. മദ്രാസ് ഹൈക്കോടതി ആർഎസ്എസിന് ‘റൂട്ട് മാർച്ച്’ നടത്താൻ അനുമതി നൽകിയതിന് പിന്നാലെയാണിത്. പോപ്പുലിസ്റ്റ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങൾ ഈ മാർച്ചുകൾ നടത്താൻ പര്യാപ്തമല്ലെന്ന് പോലീസ് പറഞ്ഞു.
റൂട്ട് മാർച്ചിൽ ജാതി, മതം, വ്യക്തി എന്നിവയെക്കുറിച്ച് മോശമായി പാടുകയോ സംസാരിക്കുകയോ ചെയ്യരുതെന്ന് ഉൾപ്പെടെ നിരവധി ഉപാധികളോടെയാണ് മദ്രാസ് ഹൈക്കോടതി സെപ്തംബർ 22-ന് അനുമതി നൽകിയത്. ഉത്തരവ് അനുസരിച്ച്, പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സർക്കാർ നിരോധിച്ച സംഘടനകൾക്ക് അനുകൂലമായി ഒന്നും പ്രകടിപ്പിക്കാൻ അനുവാദമില്ല, രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുത് എന്നും കർശന ഉപാധി ഉണ്ടായിരുന്നു.
എന്നാൽ അനുമതി നിഷേധിച്ച സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ആർ എസ് എസ് തീരുമാനം. ഇതിന്റെ ഭാഗമായി ആഭ്യന്തര സെക്രട്ടറി ഉൾപ്പടെ ഉള്ളവർക്ക് RSS വക്കീൽ നോട്ടീസ് അയച്ചു.
മതിയായ സംരക്ഷണം നൽകേണ്ടത് പോലീസിന്റെ കടമയാണ്. റൂട്ട് മാർച്ച് നടത്താൻ അനുമതി നിഷേധിച്ചു കൊണ്ട് തിരുവള്ളൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധവും കോടതിയോടുള്ള അവഹേളനപരവുമാണ്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഡിജിപി സി ശൈലേന്ദ്ര ബാബു, ലോക്കൽ എസ്പി, ടൗൺ പോലീസ് ഇൻസ്‌പെക്ടർ എന്നിവർ കക്ഷികളായതിനാൽ ഉത്തരവ് കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ബാധ്യസ്ഥരാണ്. അതിൽ വീഴ്ച വരുത്തുന്നത് ഗുരുതര കോടതി അലക്ഷ്യമാണ് എന്നാണു നോട്ടീസിൽ പറയുന്നത്.
തമിഴ് നാട് സർക്കാർ ഇതുവരെയും വിഷയത്തോട് പ്രതികരിച്ചിട്ടില്ല.