പ്രസംഗത്തിനിടെ ഭീഷണിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ വിരമിച്ച സൈനികനെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു

single-img
23 February 2023

ചെന്നൈ: പ്രസംഗത്തിനിടെ ഭീഷണിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ വിരമിച്ച സൈനികനെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു.

എക്സ് സര്‍വിസ് മെന്‍ സെല്‍ തമിഴ്നാട് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് റിട്ടയേര്‍ഡ് കേണല്‍ ബി ബി പാണ്ഡ്യന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. തമിഴ്നാട് സര്‍ക്കാര്‍ സൈനികരെ പ്രകോപിപ്പിക്കരുതെന്നും തോക്കും ബോംബും ഉപയോഗിക്കാന്‍ പഠിച്ചവരാണ് സൈനികരെന്നുമായിരുന്നു പ്രസംഗത്തിനിടയിലെ പരാമര്‍ശം. ബി ബി പാണ്ഡ്യനെ പൊലീസ് അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.

തമിഴ്നാട് കൃഷ്ണഗിരിയില്‍ സൈനികനായ എം പ്രഭുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് ബിജെപി എക്സ് സര്‍വീസ് മെന്‍ സെല്‍ തമിഴ്നാട് യൂണിറ്റ് നടത്തിയ നിരാഹാര സമരത്തിലാണ് ബി ബി പാണ്ഡ്യന്റെ പരാമര്‍ശം. കലാപാഹ്വാനം നടത്തിയതിന് ഐപിസി 153 വകുപ്പ് പ്രകാരവും 505 1(ബി), 506(ഐ) എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് പാണ്ഡ്യനെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തിരിക്കുന്നത്.

സൈനികര്‍ തോക്കും ബോംബും ഉപയോഗിക്കാന്‍ തഴക്കമുള്ളവരാണ്. ഞങ്ങള്‍ക്കതിന് താല്‍പ്പര്യമില്ല. എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ അതിന് പ്രേരിപ്പിക്കരുതെന്ന് പാണ്ഡ്യന്‍ പറഞ്ഞു. അനുവാദമില്ലാതെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച 3000 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തിട്ടുണ്ട്. പാണ്ഡ്യന്റെ പരാമര്‍ശത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്.

ദിവസങ്ങള്‍ക്കു മുമ്ബാണ് അവധിക്ക് നാട്ടിലെത്തിയ സൈനികന്റെ കൊലപാതകം. സംഭവത്തില്‍ ഡി.എം.കെ കൗണ്‍സിലറടക്കം അറസ്റ്റിലായിരുന്നു. കേസില്‍ നഗോജനഹള്ളി ടൗണ്‍ പഞ്ചായത്തംഗവും ഡിഎംകെ പ്രാദേശിക നേതാവുമായ എ ചിന്നസ്വാമി അടക്കമുള്ളവരെയാണ് പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ രംഗത്തെത്തിയിരുന്നു. തമിഴ്നാട്ടില്‍ സൈനികര്‍ക്ക് അര്‍ഹിച്ച ബഹുമാനം ലഭിക്കുന്നില്ലെന്നും അവരെ അന്യഗ്രഹ ജീവികളായി കാണുന്നുവെന്നും അണ്ണാമലൈ പറഞ്ഞിരുന്നു.

ഡി എം കെയുടെ രീതിയനുസരിച്ച്‌ യൂണിഫോമിലുള്ളവരെ അവര്‍ ബഹുമാനിക്കാറില്ല. സൈനിക ഉദ്യോഗസ്ഥരോട് ഒരിക്കലും ബഹുമാനം ഉണ്ടാവാറുമില്ല. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഫെബ്രുവരി എട്ടിന് നടന്ന സംഭവത്തില്‍ ദേശീയമാധ്യമങ്ങളലടക്കം വാര്‍ത്ത വന്നപ്പോഴാണ് കേസെടുക്കാന്‍ പൊലീസ് തയ്യാറായത്. ഇക്കാര്യത്തില്‍ പൊലീസിനും വീഴ്ച്ച പറ്റി. ലോക്കല്‍ പോലീസ് യൂണിഫോമിലുള്ള ആളുകളെ സഹോദരന്‍മാരായി കാണുന്നുണ്ടെങ്കിലും ഇക്കാര്യം അവര്‍ ഗൗരവത്തിലെടുത്തില്ല. തമിഴ്നാട്ടില്‍ സൈനികര്‍ക്ക് സുരക്ഷിതത്വമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.