മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് തമിഴ്‌നാടിന്റെ സഹായം; അനുമതി തേടി എംകെ സ്‌റ്റാലിൻ
മണിപ്പൂരിൽ ഇപ്പോഴും വർഗീയ കലാപം തുടരുന്ന സാഹചര്യത്തിൽ അവിടെയുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് തമിഴ്‌നാടിന്റെ സഹായം ഉറപ്പാക്കാൻ മണിപ്പൂർ സർക്കാരിന്റെ അനുമതി തേടി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ .
ഈ ആവശ്യവുമായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന് കത്തയച്ചു. മണിപ്പൂരിൽ നിലവിൽ 50,000ത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതായി തങ്ങൾക്ക് വിവരം ലഭിച്ചുവെന്ന് ജൂലൈ 31ന് മണിപ്പൂർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സ്‌റ്റാലിൻ പറഞ്ഞു.
“ദുരിതബാധിതർക്ക് ആവശ്യ വസ്‌തുക്കളുടെ ആവശ്യകത വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ നിർണായക സമയത്ത് ടാർപോളിൻ ഷീറ്റുകൾ, ബെഡ് ഷീറ്റുകൾ, കൊതുക് വലകൾ, അവശ്യ മരുന്നുകൾ, സാനിറ്ററി നാപ്കിനുകൾ, പാൽപ്പൊടി തുടങ്ങിയ ദുരിതാശ്വാസ സാമഗ്രികൾ നൽകി നിങ്ങളുടെ സംസ്ഥാനത്തിന് പിന്തുണ നൽകാൻ തമിഴ്‌നാട് സർക്കാർ തയ്യാറാണ്.” സ്‌റ്റാലിൻ പറഞ്ഞു.
ഇങ്ങിനെ ചെയ്യുന്നത് ക്യാമ്പുകളിൽ കഴിയുന്ന ആളുകൾക്ക് ഇത് വളരെ ഉപയോഗപ്രദമാകുമെന്നും ആവശ്യമെങ്കിൽ അവരെ എയർലിഫ്റ്റ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. “ഈ സഹായത്തിന് നിങ്ങളുടെ ഗവൺമെന്റിന്റെ സമ്മതം ദയാപൂർവം നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
കൂടാതെ, ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികളെക്കുറിച്ചും ദയവായി ഞങ്ങളെ അറിയിക്കുക, അതുവഴി എന്റെ ഉദ്യോഗസ്ഥർക്ക് നിങ്ങളുടെ ഉദ്യോഗസ്ഥരുമായി വിഷയം ഏകോപിപ്പിക്കാനും ദുരിതാശ്വാസ സാമഗ്രികൾ എത്രയും വേഗം എത്തിക്കാനും കഴിയും” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.