ഇത് ചരിത്രം; ക്ഷേത്രപൂജാരിമാരായി യുവതികളെ ചുമതലപ്പെടുത്തി തമിഴ്‌നാട് സർക്കാർ

single-img
14 September 2023

സ്ത്രീകൾക്ക് അപ്രഖ്യാപിത വിലക്കുള്ള ക്ഷേത്രപൂജാരിമാരുടെ സ്ഥാനത്തേക്ക് യുവതികളെ എത്തിച്ച് തമിഴ്‌നാട് സർക്കാർ. ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി മൂന്ന് യുവതികളെ ചുമതലപ്പെടുത്തി ചരിത്രമെഴുതുകയാണ്.

എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിമാര്‍ക്കുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇവർ സംസ്ഥാനത്തെ ശ്രീരംഗത്തിലെ ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്‍ച്ചകര്‍ (പൂജാരി) ട്രെയിനിംഗ് സ്‌കൂളില്‍ നിന്നാണ് പരിശീലനം പൂർത്തീകരിച്ചത്.

പുതിയ തീരുമാനപ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും. യുവതികൾ കൈവരിച്ച നേട്ടത്തെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും പുതിയ യുഗം പിറക്കുകയാണെന്നും എക്‌സ് ഹാന്‍ഡിലില്‍ സ്റ്റാലിന്‍ കുറിച്ചു.