7000 കോടി രൂപയ്ക്ക് കുപ്പിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കുന്നു
രാജ്യത്തെ പ്രമുഖ കുപ്പിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നു . 7000 കോടി രൂപ മുതൽ മുടക്കിയായിരിക്കും കുടിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ വാങ്ങുക. നിലവിലെ വ്യവസ്ഥകൾ പ്രകാരം കമ്പനിയെ ടാറ്റ ഏറ്റെടുത്താലും രണ്ട് വർഷത്തേക്ക് നിലവിലെ മാനേജ്മെന്റ് തന്നെ തുടരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. വിൽപ്പനയുമായി ബന്ധപ്പെട്ട വാർത്തകൾ ബിസ്ലേരി ചെയർമാൻ രമേഷ് ചൗഹാൻ സ്ഥിരീകരിച്ചു.
ഇപ്പോൾ ഇദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമാണ്. കമ്പനിയുടെ മുന്നോട്ടുള്ള വളർച്ചയ്ക്ക് തനിക്ക് പിൻഗാമിയില്ലെന്നും തന്റെ മകൾക്ക് ഈ ബിസിനസിൽ താത്പര്യമില്ലെന്നതുമാണ് കമ്പനി വിൽക്കാൻ കാരണമായി ചൗഹാൻ പറയുന്നത്. കമ്പനിയെ ടാറ്റയാണ് ഏറ്റെടുക്കുന്നതെന്നത് തനിക്ക് പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആദ്യമായി മുംബൈയില്‍ 1965 ലാണ് ബിസ്ലേരി ഷോപ്പ് തുടങ്ങിയത്. ഇറ്റാലിയൻ ബ്രാന്റായിരുന്ന ഇതിനെ 1969 ൽ പാർലെ കമ്പനിയുടെ ഉടമകളായ ചൗഹാൻ ബ്രദേർസ് ഈ കമ്പനിയെ ഏറ്റെടുത്തു. പിന്നീട് ബിസ്ലേരി വാട്ടർ പ്ലാന്റ് സ്ഥാപിച്ചു. നാല് വർഷത്തിന് ശേഷം അന്നത്തെ നാല് ലക്ഷം രൂപയ്ക്കാണ് കമ്പനിയെ രമേഷ് ചൗഹാൻ സ്വന്തമാക്കിയത്. ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ് ലിമിറ്റഡാവും ബിസ്ലേരിയെ ഏറ്റെടുക്കുക.