വിദ്യാർഥിനിക്ക് അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; ഇ.പി.ജയരാജന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിൽ


വിദ്യാർഥിനിക്ക് മൊബൈലിൽ അശ്ലീല സന്ദേശം അയച്ച അധ്യാപകനും, ഇ പി ജയരാജൻ മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.സി.സജീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം ഗവ. ഹയർസെക്കൻഡറി സ്കൂൾ കായിക അധ്യാപകൻ ആണ് അറസ്റ്റിലായ കെ.സി.സജീഷ്.
ഇ.പി.ജയരാജൻ മന്ത്രി ആയിരിക്കെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സജീഷിനെ അന്ന് ആരോപണങ്ങളെത്തുടർന്ന് സജീഷിനെ മന്ത്രിയുടെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ മാറ്റി എന്നായിരുന്നു അന്നത്തെ വിശദീകരണം.
വിദ്യാർഥിനി ഉപയോഗിക്കുന്ന മാതാവിന്റെ മൊബൈൽ ഫോണിലേക്കാണു കഴിഞ്ഞ ദിവസം അശ്ലീല സന്ദേശം എത്തിയത്. സംഭവം ശ്രദ്ധയിൽപെട്ട ബന്ധുക്കൾ സ്‌കൂളിൽ എത്തി പ്രിൻസിപ്പലിനു പരാതി നൽകി. ഇതു പരിയാരം പൊലീസിനു കൈമാറി. തുടർന്നു വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.