മൈക്രോസോഫ്റ്റിലുണ്ടായ സാങ്കേതിക തകരാർ ; ഓഹരി മൂല്യം ഇടിഞ്ഞു

single-img
19 July 2024

മൈക്രോസോഫ്റ്റിൽ ഉണ്ടായ സാങ്കേതിക തകരാർ കാരണം ലോകമെമ്പാടുമുള്ള കമ്പനികളുടെ പ്രവർത്തനം താറുമാറാക്കിയപ്പോൾ മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യത്തിലും വൻ ഇടിവ്. കഴിഞ്ഞ ദിവസത്തെ വിപണി ക്ലോസിങിനെ അപേക്ഷിച്ച് ഏതാണ്ട് 23 ബില്യൻ ഡോളറിന്റെ ഇടിവാണ് (1.9 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) മൈക്രോസോഫ്റ്റിന് ഇന്ന് ഉണ്ടായത്.

ഏകദേശം 0.71 ശതമാനം ഇടിവാണ് ഇന്ന് നേരിട്ടതെന്ന് സാമ്പത്തിക മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോഴുണ്ടായിരുന്ന ഓഹരി മൂല്യം 443.52 ഡോളറായിരുന്നെങ്കിൽ ഇന്ന് രാവിലെ ഇത് 440.37 വരെ ഇടി‌ഞ്ഞു. ടെക് ഭീമൻ ആപ്പിൾ കഴിഞ്ഞാൽ ലോകത്തു തന്നെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനികളിലൊന്നായാണ് മൈക്രോസോഫ്റ്റിനെ കണക്കാക്കുന്നത്.

ഏതാണ്ട് 3.27 ട്രില്യൻ ഡോളാറാണ് ഇപ്പോഴത്തെ സാങ്കേതിക പ്രശ്നങ്ങൾക്ക് മുമ്പ് മൈക്രോസോഫ്റ്റിന്റെ മൂല്യം. ഓഹരി വിലയിൽ ഉണ്ടാവുന്ന 0.1 ശതമാനം ഇടിവ് കമ്പനിയുടെ മൂല്യത്തിൽ 3.33 ബില്യൻ ഡോളറിന്റെ ഇടിവായി പ്രതിഫലിക്കപ്പെടുമെന്നതാണ് വാസ്തവം.