‘ഇന്ത്യന്‍ 2’ സിനിമയുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് തെലങ്കാന സര്‍ക്കാര്‍; ഏഴ് ദിവസത്തേക്ക് സ്‌പെഷ്യല്‍ ഷോകൾ

single-img
11 July 2024

കമല്‍ ഹാസന്‍-ശങ്കര്‍ കൂട്ടുകെട്ടിൽ ‘ഇന്ത്യന്‍ 2’ നാളെ തിയേറ്ററുകളില്‍ എത്തുമ്പോൾ ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് തെലങ്കാന സര്‍ക്കാര്‍. സിനിമയ്ക്ക് സംസ്ഥാനത്തിൽ ഏഴ് ദിവസത്തേക്ക് സ്‌പെഷ്യല്‍ ഷോകളും പ്രത്യേക ടിക്കറ്റ് നിരക്കിനും അനുമതി നല്‍കിയിരിക്കുകയാണ് തെലങ്കാന സര്‍ക്കാര്‍.

മുൻപ് പ്രഭാസിന്റെ ‘കല്‍ക്കി 2898 എഡി’ സിനിമയ്ക്കും പ്രത്യേക ഷോകളും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനും തെലങ്കാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇന്ത്യന്‍ 2വിന് റിലീസ് ചെയ്യുന്ന ദിവസം ജൂലൈ 12 മുതല്‍ ജൂലൈ 19 വരെ അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.

മള്‍ട്ടിപ്ലസുകള്‍ക്ക് 75 രൂപയും കൂടെ ജിഎസ്ടിയും സിംഗിള്‍ സ്‌ക്രീനുകള്‍ക്ക് 50 രൂപയും ജിഎസ്ടിയും വര്‍ധിപ്പിക്കാനാണ് അനുമതി. ഇതോടൊപ്പം തിയേറ്ററുകളില്‍ മയക്കുമരുന്ന്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള വാണിങ് വീഡിയോകളും പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥയുമുണ്ട്.