പത്തടി ഉയരം 800 കിലോ ഭാരം; റോബോട്ടിക് ആനയെ നടയിരുത്താനൊരുങ്ങി തൃശൂരിൽ ഒരു ക്ഷേത്രം

single-img
18 February 2023

ശരിക്കുമുള്ള ആനയ്ക്ക് പകരം റോബോട്ടിക് ആനയെ നടയ്ക്കിരുത്താനൊരുങ്ങുകയാണ് തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം. ഇരിഞ്ഞാടപ്പിള്ളി രാമന്‍ എന്ന് പേരുള്ള റോബോട്ടിക് ഗജവീരനെയാണ് നടയ്ക്കിരുത്തുക. ഭക്തർ സംഭാവനയായി നൽകുന്ന റോബോട്ടിക് ആനയ്ക്ക് പത്തര അടി ഉയരവും എണ്ണൂറ് കിലോ ഭാരവുമുണ്ട്.

ദുബായ് ഉത്സവത്തിന് റോബോട്ടിക് ഗജവീരന്മാരെ ഒരുക്കിയ ചാലക്കുടി പോട്ട പനമ്പിള്ളി കോളജ് റോഡിലെ ഫോര്‍ ഹി ആര്‍ട്ട്സിലെ ശില്‍പികളായ പ്രശാന്ത്, ജിനേഷ്, റോബിന്‍, സാന്റോ എന്നിവരാണ് ഈ ഗജവീരനെയും നിർമിച്ചിരിക്കുന്നത്. നാലുപേരെ പുറത്തേറ്റാന്‍ കഴിയും. അഞ്ച് ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്.

ഇരിങ്ങാലക്കുടയ്ക് സമീപം കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഈ മാസം 26നാണ് ഇരിഞ്ഞാടപ്പിള്ളി രാമനെ നടയിരുത്തുന്നത്. റോബോട്ടിക് ആനയുടെ തലയും കണ്ണുകളും വായയും ചെവിയും വാലും പ്രവര്‍ത്തിക്കുന്നത് വൈദ്യുതിയിലാണ്. ഇവയാവട്ടെ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്.

രണ്ട് മാസങ്ങൾ കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ഇരുമ്പ് കൊണ്ടുളള ചട്ടക്കൂടിന് പുറത്ത് റബ്ബര്‍ ഉപയോഗിച്ചാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്.ഒരേസമയം അഞ്ച് മോട്ടോറുകള്‍ ഉപയോഗിച്ചാണ് ചലനങ്ങൾ. തുമ്പിക്കൈ ഒഴികെ മറ്റുള്ളവയെല്ലാം മോട്ടോറിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാൽ ഇതിന്റെ തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു സ്വിച്ചിട്ടാല്‍ തുമ്പിക്കൈയില്‍നിന്ന് വെള്ളം ചീറ്റുമെന്നതും പ്രത്യേകതയാണ്.

കേരളത്തിൽ ക്ഷേത്രങ്ങളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു റോബോട്ടിക് ആനയെ നടയിരുത്തുന്നത്. നടയിരുത്തല്‍ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. കളഭാഭിഷേകത്തിനുശേഷം നടക്കുന്ന എഴുന്നള്ളിപ്പിന് ഇരിഞ്ഞാടപ്പിള്ളി രാമനായിരിക്കും തിടമ്പേറ്റുക തിടമ്പേറ്റുന്നതിനും മറ്റുമായി ഇത്തരത്തില്‍ ചെലവ് കുറഞ്ഞതും അപകടരഹിതവുമായ രീതി ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ അഭിപ്രായം.