കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തി
1 March 2024
കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് സംസ്ഥാന ട്രഷറി കരകയറി. 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തിൽ നിന്നും ലഭിച്ചു.കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു.
ഇപ്പോൾ കുറച്ചെങ്കിലും പണം ലഭിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി. നിലവിൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ല. കേന്ദ്രസർക്കാർ നികുതിവിഹിതമായി 28 സംസ്ഥാനങ്ങൾക്കായി 1,42,122 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ ഏറ്റവും ഉയർന്ന നികുതിവിഹിതം ലഭിച്ചത് യുപിയ്ക്കാണ് . 25495 കോടിയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്.