2 മാസത്തിനിടെ 8 മരണം; യുപിയിലെ ബഹ്റൈച്ചിൽ കൊലയാളി ചെന്നായ്ക്കളുടെ ഭീകരത
ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ വീണ്ടും ചെന്നായയുടെ ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ രാത്രിയിൽ ഖാരിഘട്ടിലെ ഛത്തർപൂരിൽ മൂന്ന്, ആറ്, ഒമ്പത് വയസ്സുള്ള മൂന്ന് കുട്ടികളെ ചെന്നായ്ക്കൾ ആക്രമിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
കാവൽ സംഘങ്ങൾ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ ചെന്നായ്ക്കൾ അടുത്തുള്ള ഗ്രാമമായ റായ്പൂരിലേക്ക് മാറിയിരുന്നു, അവിടെ അവർ അഞ്ച് വയസ്സുള്ള കുട്ടിയെ ആക്രമിച്ച് വീട്ടിൽ നിന്ന് കൊണ്ടുപോയി.
മേഖലയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ സമാനമായ ആക്രമണങ്ങളിൽ ഏഴ് കുട്ടികളും ഒരു സ്ത്രീയുമുൾപ്പെടെ എട്ട് പേരാണ് ഇതുവരെ മരിച്ചത്. ചൊവ്വാഴ്ച ബഹ്‌റൈച്ച് ജില്ലാ മജിസ്‌ട്രേറ്റ് മോണിക്കാ റാണി ഗ്രാമത്തലവന്മാരുമായി ചർച്ച നടത്തിയിരുന്നു.
ബഹ്‌റൈച്ച് ജില്ലാ മജിസ്‌ട്രേറ്റും മുതിർന്ന പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരും മാർച്ച് മുതൽ മഹ്‌സി തഹസിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകി. നാല് ജില്ലകളിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരും ഓപ്പറേഷനിൽ പങ്കെടുത്തിട്ടുണ്ട്.
ചെന്നായ കൂട്ടത്തെ നിരീക്ഷിക്കാൻ അവർ ഹൈ-ഫ്രീക്വൻസി ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നു. ആനയുടെ പിണ്ഡവും മൂത്രവും ഉപയോഗിച്ച് ചെന്നായ്‌ക്കളുടെ വഴി തിരിച്ചുവിടാൻ വനംവകുപ്പും ശ്രമിച്ചിട്ടുണ്ട്.