ജമ്മു കശ്മീരില്‍ രണ്ടിടങ്ങളില്‍ ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടുന്നു
ദില്ലി : ജമ്മു കശ്മീരില്‍ രണ്ടിടങ്ങളില്‍ ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടുന്നു. ബാരാമുള്ളയിലും ഷോപ്പിയാനിലും ആണ് ഏറ്റുമുട്ടല്‍.ഇന്നലെ ജമ്മു കാശ്മീരിലെ ഉധംപൂരില്‍നടന്ന ഇരട്ട സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം നടത്തുകയാണ്.
രണ്ട് ബസുകളിലായി രണ്ട് സമയത്ത് നടന്ന സ്ഫോടനത്തില്‍ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെങ്കിലും വളരെ ഗൗരവത്തോടെയാണ് സ്ഫോടനത്തെ നോക്കിക്കാണുന്നത്.
ഇന്ന് രാവിലെ ഉധംപൂരില്‍ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനകത്താണ് സ്ഫോടനമുണ്ടായത്. 8 മണിക്കൂറിനിടെ ഉണ്ടായ രണ്ടാമത്തെ സ്ഫോടനമായിരുന്നു ഇത്. ഇന്നലെ രാത്രി 10:45 ന് ഉധംപൂരിലെ ദോമെയില്‍ ചൗക്കില്‍ ബസില്‍ സ്ഫോടനം നടന്നിരുന്നു. ആ സംഭവത്തിലാണ് 2 പേര്‍ക്ക് പരിക്ക് പറ്റിയത്.
ഉധംപൂരിലെ രണ്ടാമത്തെ സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. ഉധംപൂരിലെ പെട്രോള്‍ പമ്ബിന് സമീപത്ത് നിര്‍ത്തിയിട്ട ബസില്‍ നടന്ന ആദ്യ സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ലെന്നും പോലീസ് പറയുന്നു. ഉധംപൂരില്‍ ഇന്ന് സ്ഫോടനം നടന്ന സ്ഥലത്തും പരിസരങ്ങളിലും ബോംബ് സ്കാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഇരട്ട സ്ഫോടനങ്ങളെ തുടര്‍ന്ന് നാട്ടുകാര്‍ ഉധംപൂരില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം കശ്മീരില്‍ നടന്ന ഇരട്ട സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദില്ലിയില്‍ പൊലീസ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ റൂട്ട് മാര്‍ച്ച് നടത്തി. പ്രശ്ന ബാധിത മേഖലകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും ദില്ലി പോലീസ് അറിയിച്ചു.