ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴിനൽകിയത് പൊലീസ് ഉപദ്രവിച്ചതിനാൽ; വെളിപ്പെടുത്തലുമായി അഫ്സാന
പത്തനംതിട്ടയിലെ നൗഷാദ് തിരോധാന കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അഫ്സാനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. താൻ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴിനൽകിയത് പൊലീസ് ഉപദ്രവിച്ചിട്ടെന്ന് അഫ്സാന ഇന്ന് പറഞ്ഞു. രണ്ട് ദിവസം തുടർച്ചയായി തന്നെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായും പിതാവിനെ ഉൾപ്പെടെ പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ഇവർ ആരോപിക്കുന്നത്.
ഒരേസമയം മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്സാന പറഞ്ഞു. പൊലീസ് ശരീരത്തിൽ തല്ലിയ പാടുകളും ഇവർ മാധ്യമങ്ങളെ കാണിച്ചു.ഡിവൈഎസ്പി കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ചു.പൊലീസ് പീഡനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതിനൽകുമെന്നും അവർ പറഞ്ഞു. ഇനി നൗഷാദിന്റെ കൂടെ പോകാനാകില്ല. അയാൾ സ്ത്രീധനം ചോദിച്ച് മർദ്ദിക്കാറുണ്ടായിരുന്നു.
കുഞ്ഞുങ്ങളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. വലിയ പീഡനനങ്ങൾ നേരിട്ടുവെന്നും അഫ്സാന പറഞ്ഞു. സംഭവ ദിവസം രാവിലെ നൗഷാദ് പരുതിപ്പാറയിൽ നിന്ന് പോകുന്നത് കണ്ടവരുണ്ട്. ഈ കാര്യവും പൊലീസിനോട് പറഞ്ഞു. എന്നിട്ടും പൊലീസ് കൊലപാതകിയാക്കി. കുഞ്ഞുങ്ങളെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിതാവിനെ കെട്ടി തൂക്കി മർദ്ദിക്കുമെന്ന് പറഞ്ഞു. ഭയം കൊണ്ടാണ് കുറ്റമേറ്റതെന്നും അഫ്സാനപറയുന്നു.
കേസിൽ അഫ്‌സാന ജാമ്യത്തിൽ ഇറങ്ങിയത് ഇന്നായിരുന്നു. അട്ടകുളങ്ങര ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്. നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു അഫ്സാന ആദ്യം പൊലീസിന് നൽകിയ മൊഴി.ഒന്നര വര്‍ഷം മുന്‍പാണ് നൗഷാദിനെ കാണാതായത്. ഭാര്യയുടെ മൊഴി കണക്കിലെടുത്ത് പൊലീസ് പലയിടത്തും കുഴിച്ച് നോക്കിയിരുന്നു. എന്നാൽ, നൗഷാദ് തിരിച്ചെത്തുകയായിരുന്നു.