ഇ ഡി, സിബിഐ, ഐടി ; എന്‍ഡിഎ മുന്നണിയില്‍ ശക്തരായ മൂന്ന് പാര്‍ട്ടികള്‍ ഇവരെന്ന് ഉദ്ധവ് താക്കറെ
ബിജെപിക്കെതിരെ രൂക്ഷമായ പരിഹാസവുമായി ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ. ഇ ഡി , ആദായ നികുതി വകുപ്പ്, സിബിഐ എന്നിവ മാത്രമാണ് എന്‍ഡിഎ മുന്നണിയിലെ ‘മൂന്ന് ശക്തരായ കക്ഷികള്‍’. തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോള്‍ ബിജെപിക്ക് എന്‍ഡിഎ സര്‍ക്കാരാണ്. പക്ഷെ വോട്ടെടുപ്പിന് ശേഷം അത് മോദി സര്‍ക്കാരായി മാറുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ബിജെപി നയിച്ച എന്‍ഡിഎ യോഗത്തെ ലക്ഷ്യം വെച്ചായിരുന്നു താക്കറെയുടെ പരിഹാസം.
മണിപ്പൂരിൽ ഇപ്പോഴും തുടരുന്ന വംശീയ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച താക്കറെ, പ്രധാനമന്ത്രി ഇതുവരെ മണിപ്പൂർ സന്ദര്‍ശിക്കാന്‍ പോലും തയ്യാറല്ലെന്ന് കുറ്റപ്പെടുത്തി. ശിവസേന മുഖപത്രമായ ‘സാമ്ന’യുടെ എക്സിക്യൂട്ടീവ് എഡിറ്ററായ രാജ്യസഭാംഗം സഞ്ജയ് റാവുത്തുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ്.
എന്‍ഡിഎ മുന്നണിയില്‍ 36 പാര്‍ട്ടികളുണ്ട്. പക്ഷെ ഇഡി, സിബിഐ, ആദായ നികുതി എന്നിവ മാത്രമാണ് മൂന്ന് ശക്തരായ കക്ഷികള്‍. മറ്റുള്ള പാര്‍ട്ടികള്‍ എവിടെ? ചില പാര്‍ട്ടികള്‍ക്ക് ഒരു എംപി പോലും ഇല്ല,” താക്കറെ പറഞ്ഞു. യൂണിഫോം സിവില്‍ കോഡ് വിഷയത്തിലും അദ്ദേഹം ബിജെപിയെ ലക്ഷ്യമിട്ടു.
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഗോവധ നിരോധനത്തിനായി ബിജെപി ആദ്യം നിയമം കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെങ്കില്‍, ബിജെപിയിലെ അഴിമതിക്കാരും ശിക്ഷിക്കപ്പെടണം. താക്കറെ കുടുംബം ഉള്ളിടത്താണ് യഥാര്‍ത്ഥ ശിവസേന. ശിവസേനയില്‍ പിളര്‍പ്പ് ഉണ്ടാക്കിയവര്‍ അത് നശിക്കുമെന്ന് കരുതിയെന്നും എന്നാല്‍ അത് വീണ്ടും ഉയരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.