തലശ്ശേരി ഗവ. കോളേജ് ഇനി അറിയപ്പെടുക കോടിയേരി സ്മാരക കോളേജ്

18 October 2023

കണ്ണൂർ ജില്ലയിലെ തലശ്ശേരി ഗവ. കൊളജിന്റെ പേര് കോടിയേരി സ്മാരക കൊളജെന്ന് പുനര്‍നാമകരണം ചെയ്തു. അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനോടുള്ള ആദരമായി ഉന്നതവിദ്യാഭ്യാസ വകുപ്പാണ് കോളജിന്റെ പേര് മാറ്റിയത്.
തലശ്ശേരി ഗവ. കോളേജിന്റെ പേര് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജ് എന്നാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കോളേജിന്റെ ഉന്നമനത്തിന് പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണന്‍ എടുത്ത മുന്‍കൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണ് പേരുമാറ്റമെന്ന് മന്ത്രി പറഞ്ഞു.
കോളേജിന് കോടിയേരിയുടെ പേരിടാന്‍ തലശ്ശേരി എംഎല്‍എ കൂടിയായ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ കത്ത് നല്‍കിയിരുന്നുവെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.