കാറിൽ ചാരിനിന്ന കുട്ടിയെ ചവിട്ടിയ സംഭവം: പ്രതി മുഹമ്മദ് ഷിഹാദ് റിമാൻഡ് ചെയ്തു
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2022/11/thalassery-incident.jpg)
കാറിൽ ചാരിനിന്ന രാജസ്ഥാൻ സ്വദേശിയായ കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച കേസിലെ പ്രതി മുഹമ്മദ് ഷിഹാദിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്ക് തലശേരി കോടതിയാണ് മുഹമ്മദിനെ റിമാൻഡ് ചെയ്തത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്ന് മാറാതായതോടെ ചവിട്ടുകയായിരുന്നു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
തലശേരിയിൽ തിരക്കേറിയ തെരുവിൽ നോ പാർക്കിംഗ് ഏരിയയിൽ ഇയാൾ വാഹനം നിർത്തിയ സമയത്താണ് കുട്ടി ചാരി നിന്നത്. തുടർന്നാണ് പ്രകോപിതനായ ഷിഹാദ് കുട്ടിയെ തൊഴിച്ചത്. രാജസ്ഥാൻ സ്വദേശിയായ ആറു വയസുകാരൻ ഗണേശിനാണ് മർദനമേറ്റത്. ബാലനെ മർദിച്ചത് ചിലയാളുകൾ ചോദ്യം ചെയ്തെങ്കിലും അത് ഗൗനിക്കാതെ ഷിഹാദ് കാറിൽ കയറി പോകുകയായിരുന്നു.
ചവിട്ടിൽ കുട്ടിയുടെ നടുവിന് സാരമായ പരിക്കേറ്റതായാണ് റിപ്പോർട്ട്. സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. പോലീസിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ പറഞ്ഞിരുന്നു.