ഇന്ത്യയുടെ മാനുഷികമായ ഇടപെടലിന് നന്ദി, രാഷ്ട്രീയ ഇടപെടലും പ്രതീക്ഷിക്കുന്നു: പലസ്തീന്‍


ഇന്ത്യയുടെ സഹായ ഹസ്തത്തിന് നന്ദി അറിയിച്ച് പലസ്തീന്‍. ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ടെന്നും പലസ്തീന്‍ ജനതക്ക് കൂടുതല്‍ സഹായം ആവശ്യമാണെന്നും ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അദ്നാന്‍ അബു അല്‍ഹൈജാ പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ രാഷ്ട്രീയ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ മാനുഷികമായ ഇടപെടലിന് ഒരുപാട് നന്ദിയുണ്ട്. ഇതോടൊപ്പം തന്നെ രാഷ്ട്രീയ ഇടപെടലും പ്രതീക്ഷിക്കുകയാണ്.
പലസ്തീനുമായും ഇസ്രയേലുമായും ഇന്ത്യ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. അതിനാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടല്‍ നടത്തണം എന്നും അദ്‌നാന്‍ അബു അല്‍ഹൈജാ പറഞ്ഞു. ഇസ്രയേലുമായുള്ള യുദ്ധത്തില്‍ തകര്‍ന്ന പലസ്തീന് മരുന്നുകള്‍, ടെന്റുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യ ആദ്യഘട്ടത്തില്‍ പലസ്തീനിലേക്ക് അയച്ചത്. ഇന്ത്യയുടെ സഹായം ഈജിപ്ത് അതിര്‍ത്തി വഴി ഗാസയില്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
6.5 ടണ്‍ വൈദ്യസഹായ സാമഗ്രികളും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളും ആണ് അയച്ചത്. അവശ്യ ജീവന്‍ രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, ടാര്‍പോളിനുകള്‍, സാനിറ്ററി യൂട്ടിലിറ്റികള്‍, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകള്‍ എന്നിവയും അവശ്യവസ്തുക്കളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.