ഹൃദയഭൂമിയിലെ താമരത്തേരോട്ടം; നരേന്ദ്ര മോദിയുടെ സദ്ഭരണത്തെ വീണ്ടും നെഞ്ചേറ്റിയ ഭാരതജനതയ്ക്ക് നന്ദി: വി മുരളീധരൻ


രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നപ്പോൾ ബിജെപി നേടിയ വിജയത്തിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഹൃദയഭൂമിയിലെ താമരത്തേരോട്ടം സമാനതകളില്ലാത്തതാണെന്നും നരേന്ദ്ര മോദിയുടെ സദ്ഭരണത്തെ വീണ്ടും നെഞ്ചേറ്റിയ ഭാരതജനതയ്ക്ക് നന്ദിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സമൂഹത്തിലെ വികസനവും ക്ഷേമവും അനുഭവിച്ചറിഞ്ഞ ജനതയുടെ വിധിയാണിത്. ഇരട്ട എൻജിൻ സർക്കാരിന്റെ കരുത്ത് ഭാരതഹൃദയം മനസിലാക്കിയിരിക്കുന്നുവെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. നേരത്തെ ബിജെപി നേടിയ വിജയത്തിൽ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. പരാജയം അംഗീകരിക്കാതെ ജനങ്ങളെ തമ്മിൽ തല്ലിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് പരാജയത്തിൽ നിന്നും പാഠം പഠിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം വിമർശിച്ചു.
ജാതി കാർഡ്, ഹിന്ദു പാർട്ടി, ഫ്രീബി പൊളിറ്റിക്‌സ് , വോട്ടിംഗ് യന്ത്രങ്ങളിലെ തിരിമറി തുടങ്ങിയ പരമ്പരാഗത ക്യാപ്സൂളുകൾ പരാജയപ്പെട്ടപ്പോൾ, ഇന്നത്തെ ദയനീയ പരാജയത്തിന് ശേഷം കോൺഗ്രസ് ആരംഭിച്ച പുതിയ ഒന്നാണ് ‘സൗത്ത് -നോർത്ത് ‘ എന്ന വിഘടനവാദത്തിലേക്ക് നയിക്കുന്ന ക്യാപ്സ്യൂളെന്ന് അദ്ദേഹം വിമർശിച്ചു. ഈ കൂട്ടരാണ് ഭാരതത്തെ ഒന്നിപ്പിക്കാനെന്ന പേരിൽ ‘ഭാരത് ജോഡോ യാത്ര’നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.