ചരിത്ര വിജയം; ഇന്ത്യന്‍ വംശജനായ തർമൻ ഷൺമുഖരത്നം സിംഗപ്പൂര്‍ പ്രസിഡന്‍റ്


സിംഗപ്പൂര്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ചരിത്ര വിജയം നേടി ഇന്ത്യന്‍ വംശജനായ തർമൻ ഷൺമുഖരത്നം. ആകെ പോൾ ചെയ്തതിൽ 70 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് തര്‍മന്‍ ഷൺമുഖരത്നം വിജയിച്ചത്.
2011ന് ശേഷം ആദ്യമായി സിംഗപ്പൂരിൽ നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പാണിത്. ‘സിംഗപ്പൂർ ജനങ്ങൾക്കിടയിൽ ശുഭാപ്തി വിശ്വാസവും ഐക്യദാർഢ്യവും നിറഞ്ഞ ഭാവി മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രസിഡന്‍റിന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും ഉപയോഗിക്കേണ്ടത് എന്‍റെ കടമയാണെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. അതാണ് എന്‍റെ പ്രതിജ്ഞ.
സിംഗപ്പൂരുകാർ എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തെ ഞാൻ മാനിക്കുകയും എനിക്ക് വോട്ട് ചെയ്യാത്തവർ ഉൾപ്പെടെയുള്ള എല്ലാ സിംഗപ്പൂരുകാരെയും ബഹുമാനിക്കുകയും ചെയ്യും’, ചരിത്ര വിജയത്തിന് ശേഷം തര്‍മന്‍ പറഞ്ഞതായി ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, തർമന്‍റെ എതിരാളികളായ എൻജി കോക്ക് സോംഗ്, ടാൻ കിൻ ലിയാൻ എന്നിവർക്ക് യഥാക്രമം 15.72, 13.88 ശതമാനം വോട്ടുകൾ മാത്രമാണ് കിട്ടിയത് . 2001-ൽ രാഷ്ട്രീയത്തിൽ ചേർന്ന തർമൻ രണ്ടു പതിറ്റാണ്ടിലേറെയായി സിംഗപ്പൂരിലെ ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടിയിൽ (പിഎപി) പൊതുമേഖലയിലും മന്ത്രിസ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.