‘രാഷ്ട്രീയം കസേരകളിയല്ല’, ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളെ വിമർശിച്ച് ശശി തരൂർ
ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് പാർട്ടി നേതാക്കളെ വിമർശിച്ച് ശശി തരൂർ എംപി. ജീവിതകാലം മുഴുവൻ ബിജെപിയെ എതിർത്ത് സംസാരിച്ച ശേഷം നേതാക്കൾ അവസാനം ബിജെപിയിലേക്ക് പോകുകയാണെന്നും, രാഷ്ട്രീയം കസേരകളി അല്ലെന്നും തരൂർ കുറ്റപ്പെടുത്തി.
അതേസമയം, കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്കെതിരായ ലോക്സഭാ അയോഗ്യതാ നടപടി രാഷ്ട്രീയ നേട്ടമാകുമെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ‘രാഹുൽ ഗാന്ധിക്കെതിരായ നടപടിക്കു പിന്നാലെ ‘അപ്രതീക്ഷിതമായ പ്രതിപക്ഷ ഐക്യം’ സാധ്യമായി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷത്തുള്ള പ്രാദേശിക പാർട്ടികൾ അവരവരുടെ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ എതിർപാർട്ടിയായി കണക്കാക്കുന്നവരാണ്. പക്ഷെ ഇക്കാര്യത്തിൽ അവർ ഞങ്ങളുടെ ഭാഗത്ത് നിലയുറപ്പിച്ചു. ഡൽഹിയിൽ അരവിന്ദ് കേജ്‍രിവാൾ, ബംഗാളിൽ മമതാ ബാനർജി, ഹൈദരാബാദിൽ കെ.ചന്ദ്രശേഖര റാവു തുടങ്ങിയവർ നേരത്തേ കോൺഗ്രസുമായി യാതൊരു തരത്തിലും സഹകരിച്ചിരുന്നില്ല.’- തരൂർ പറഞ്ഞു.