മുതിർന്ന നേതാക്കൾ പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിട്ടി പരിശോധിക്കണം; ചെന്നിത്തലക്കെതിരെ ഒളിയമ്പുമായി തരൂർ
ദേശീയ നേതൃത്വത്തിന്റെ പിൻതുണയോടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖർഗെയ്ക്കു വേണ്ടി സംഘടനയുടെ ചില മുതിർന്ന നേതാക്കൾ പരസ്യമായി പ്രചാരണം നടത്തുന്നത് ശരിയല്ലെന്ന് ശശി തരൂർ.
കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മല്ലികാർജുൻ ഖാർഗെക്കായി പരസ്യമായി പ്രചാരണം നടത്തുന്നതിന് പിന്നാലെയാണ് വിമർശനവുമായി തരൂർ രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ചില മുതിർന്ന നേതാക്കൾ പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിട്ടി പരിശോധിക്കണമെന്നും ശശി തരൂർ വ്യക്തമാക്കി.
ഇത്തരത്തിൽ പല സംസ്ഥാനങ്ങളിലും പ്രചാരണം നടത്തുന്നുണ്ടെന്നും തരൂർ പറഞ്ഞു. നേരത്തെ തന്നെ ഖർഗെയ്ക്ക് വേണ്ടി മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല പരസ്യമായി പ്രചാരണ രംഗത്തെത്തിയതിൽ തരൂർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ തൃപ്തിയുള്ളവര്‍ തനിക്ക് വോട്ട് ചെയ്യേണ്ടതില്ല എന്നും തരൂർ പറഞ്ഞു.