ശശി തരൂര്‍ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറണം: കൊടിക്കുന്നില്‍ സുരേഷ്

single-img
30 September 2022

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ അതിൽ നിന്നും പിന്‍മാറണമെന്നു കോൺഗ്രസ് നേതാവായ കൊടിക്കുന്നില്‍ സുരേഷ്. തരൂർ പത്രിക പിന്‍വലിച്ചുകൊണ്ട് ഖാര്‍ഗയെ പിന്തുണക്കണമെന്നും കേരളത്തില്‍ നിന്ന് പതിനഞ്ച് പേരുടെ പിന്തുണയുണ്ടെന്ന് തരൂര്‍ പറഞ്ഞ പിന്നാലെ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

കോൺഗ്രസിനെ മുന്നോട്ട് നയിക്കാന്‍ കഴിയുന്ന സംഘടനാപാടവം, പരിചയം, പ്രവര്‍ത്തകരുമായുള്ള ബന്ധം, അനുഭവ സമ്പത്ത് ഇവയൊക്കെയാണ് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനെ നിര്‍ണയിക്കുന്ന മാനദണ്ഡം. അതല്ലാതെ മലയാളിയെന്നോ ഉത്തരേന്ത്യക്കാരനെന്നോ പരിഗണിച്ചല്ല അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.

നിലവിൽ മത്സരാർഥികളായ ശശി തരൂരിനെയും മല്ലികാര്‍ജുന ഖാര്‍ഗെയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ എന്തുകൊണ്ടും യോഗ്യന്‍ ഖാര്‍ഗെ തന്നെയാണ്. അതിനാൽ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പിന്തുണയും കേരളത്തിലെ കോണ്‍ഗ്രസിന്റെയും പിന്തുണയും ഖാര്‍ഗെക്ക് തന്നെയായിരിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

ദേശീയ തലത്തിൽ കോൺഗ്രസിന്റെ ദലിത് മുഖമാണ് ഖാര്‍ഗെ. ജഗ്ജീവന്‍ റാമിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ആദ്യമായി ഒരു ദലിത് വിഭാഗത്തില്‍പെട്ടയാള്‍ വരാന്‍ പോവുകയാണ്. ഈ സാഹചര്യത്തില്‍ തരൂര്‍ മത്സരരംഗത്ത് നിന്ന് പിന്മാറണമെന്നാണ് അഭ്യര്‍ഥനയെന്നും കൊടിക്കുന്നില്‍ പറഞ്ഞു.