നടുറോഡില്‍വെച്ച് തന്നെ മര്‍ദ്ദിച്ച പ്രതികള്‍ രക്ഷപ്പെട്ടത് പൊലീസ് വീഴ്ച്ച; മര്‍ദ്ദനമേറ്റ പ്രദീപ്


തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നടുറോഡില്‍വെച്ച് തന്നെ മര്‍ദ്ദിച്ച പ്രതികള്‍ രക്ഷപ്പെട്ടത് പൊലീസ് വീഴ്ച്ചയെന്ന് മര്‍ദ്ദനമേറ്റ പ്രദീപ്.
സംഭവം വാര്‍ത്തയായപ്പോള്‍ മാത്രമാണ് പ്രതികള്‍ രക്ഷപ്പെട്ടത്. അന്വേഷണത്തിലെ കാലതാമസം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരിക്കിയെന്നും പ്രദീപ് പറഞ്ഞു. ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ചാണ് കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ ബൈക്ക് യാത്രക്കാരായ അഷ്കറും അനീഷും ചൊവ്വാഴ്ച മര്‍ദ്ദിച്ചത്. പരിക്കേറ്റ പ്രദീപ് ചോരയൊലിപ്പിച്ചുകൊണ്ട് കരമന സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. സിസിടിവി ദൃശ്യങ്ങള്‍ സഹിതം സംഭവം വാര്‍ത്തയായതിന് പിന്നാലെ ഇന്നലെയാണ് വധശ്രമത്തിന് കരമന പൊലീസ് കേസെടുത്തത്.
നിറമണ്‍കരയില്‍ ഗതാഗതക്കുരുക്കിനിടെ ഹോണ്‍മുഴക്കിയെന്നാരോപിച്ചാണ് അഷ്കറും അനീഷും പ്രദീപിനെ മര്‍ദ്ദിച്ചത്. ഹോണ്‍ മുഴക്കിയത് താനല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും ചെവികൊള്ളാതെ വാഹനം തകര്‍ക്കുകയും നിലത്തിട്ട് മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പ്രദീപ് പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം മദ്ദനമേറ്റ് പ്രദീപ് വായില്‍ നിന്നും ചോരയൊലിപ്പിച്ചാണ് കരമന പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. ആശുപത്രിയിലേക്ക് പോകാനായിരുന്നു പൊലീസ് നിര്‍ദ്ദേശം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അന്നുരാത്രി തന്നെ വീണ്ടും സ്റ്റേഷനിലെത്തിയെങ്കിലും കേസെടുത്തില്ല. ബുധനാഴ്ച സിസിടിവി ദൃശ്യങ്ങള്‍ സഹിതം എസ്‌എച്ച്‌ഒയെ സമീപിച്ചുവെങ്കിലും ഒന്നും ചെയ്തില്ല. ഒടുവില്‍ ഇന്നലെ രാവിലെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത വന്നതോടെയാണ് പൊലീസ് അനങ്ങിയത്.