ദില്ലി കലാപ കേസിൽ പൊലീസിന് രൂക്ഷ വിമർശനവുമായി അഡീഷണൽ സെഷൻസ് കോടതി

single-img
18 August 2023

ദില്ലി: ദില്ലി കലാപ കേസിൽ പൊലീസിന് രൂക്ഷ വിമർശനവുമായി അഡീഷണൽ സെഷൻസ് കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ തെളിവുകളിൽ കൃത്രിമം കാണിച്ചെന്നും പൊലീസ് മുൻകൂട്ടി നിശ്ചയിച്ച പോലെ കുറ്റപ്പത്രം തയ്യറാക്കിയെന്നുമാണ് ദില്ലി പൊലീസിനെതിരെ കോടതിയുടെ വിലയിരുത്തൽ. കേസിൽ പൊലീസ് പ്രതിയാക്കിയ മൂന്ന് പേരെ കോടതി വെറുതെ വിട്ടു.

കേസിൽ പൊലീസ് ശരിയായ രീതിയിൽ അന്വേഷണം നടത്തിയോ എന്ന് പരിശോധിക്കാനും കോടതി നിർദ്ദേശം നൽകി. വസീറാബാദിലെ ആക്രമണവുമായി ബന്ധപ്പെട്ടാണ് കേസ്. ദില്ലിയിലെ നോർത്ത് ഈസ്റ്റ് ഡിസ്ട്രിക്റ്റ് അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.

ദില്ലി കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ കോടതി വെറുതെ വിട്ടിരുന്നു. ചാന്ദ്ബാഗിലെ  കല്ലേറ് കേസിലാണ് ഉമർ ഖാലിദിനെ വെറുതെ വിട്ടത്. മറ്റൊരു വിദ്യാർത്ഥി നേതാവ് ഖാലിദ് സൈഫിയെയും ദില്ലിയില്ലെ കർക്കദ്ദൂമ കോടതി വെറുതെവിട്ടിരുന്നു. ഇരുവർക്കുമെതിരെ തെളിവില്ലെന്ന് ചുണ്ടിക്കാട്ടിയാണ് കോടതി ഇവരെ വെറുതെവിട്ടത്.

നേരത്തെ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദില്ലി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. ഇതേവരെ 25 പേരാണ് കേസിൽ അറസ്റ്റിലായത്. ഇവരിൽ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.