പിരിച്ചു വിടാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്ന പിആര്‍ സുനുവിന്റെ അപേക്ഷ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളി

single-img
23 December 2022

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സര്‍വീസില്‍ നിന്നും തന്നെ പിരിച്ചു വിടാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്ന പിആര്‍ സുനുവിന്റെ അപേക്ഷ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളി.

നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് അധികാരമുണ്ടെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. ഈ മാസം 31 നകം സുനു കാരണം കാണിക്കലിന് മറുപടി നല്‍കാനും ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി. വകുപ്പുതല നടപടി 15 തവണ നേരിട്ട ഇന്‍സ്പെക്ടറാണ് സുനു. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനുളള സമയം ബുധനാഴ്ച അവസാനിച്ചിരുന്നു.

ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയാണ് സുനു. ഇയാള്‍ക്കെതിരെ വകുപ്പ്തല അന്വഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ ജനുവരിയില്‍ ശിക്ഷിച്ചിരുന്നു. സ്ഥാനകയറ്റം തടഞ്ഞുകൊണ്ടായിരുന്നു ശിക്ഷ. ഈ ശിക്ഷാ നടപടി ഡിജിപിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച്‌ പുന:പരിശോധിച്ച്‌ പിരിച്ചുവിടലാക്കി മാറ്റി. ഇതിന് ശേഷം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കൂട്ടബലാല്‍സംഗം കേസില്‍ ആരോപണം വിധേയാനായതിനെ തുടര്‍ന്ന് ബേപ്പൂര്‍ കോസ്റ്റല്‍ ഇന്‍സ്പെകറായിരുന്ന സുനു ഇപ്പോള്‍ സസ്പെഷനിലാണ്.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയത് ഇതിനെ തുടര്‍ന്നാണ്.

സുനു ബലാല്‍സംഗ കേസില്‍ പ്രതിയായതോടെയാണ് കാക്കിയിലെ ക്രിമിനലുകളെ കുറിച്ച്‌ വീണ്ടും വിവാദങ്ങള്‍ ഉയര്‍ന്നത്. ക്രിമിനല്‍ കേസില്‍ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തില്‍ ജോലിയില്‍ തിരിച്ച്‌ കയറുന്നവര്‍ മുതല്‍ വകുപ്പ് തല നടപടികള്‍ മാത്രം നേരിട്ട് ഉദ്യോഗ കയറ്റം നേടുന്നവര്‍ വരെ സംസ്ഥാന പൊലീസ് സേനയിലുണ്ട്. ബലാത്സംഗം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം, സ്വര്‍ണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചവരും നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്ന പൊലീസുകാരെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.

ഇടുക്കിയില്‍ മാങ്ങ മോഷ്ടിച്ച പൊലീസുകാരനും എറണാകുളം റൂറലില്‍ സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരനെയും പിരിച്ചുവിടാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി തുടങ്ങി. പൊലീസിലെ ക്രിമിനലുകളെ കണ്ടെത്താനും നടപടി എടുക്കാനും സര്‍ക്കാര്‍ തീരുമാനിക്കുന്നത് ആദ്യമല്ല. വിവാദങ്ങളും സമ്മര്‍ദ്ദങ്ങളും നിയമക്കുരുക്കും ചൂണ്ടിക്കാട്ടി ഓരോ തവണയും സര്‍ക്കാര്‍ തന്നെ ഈ നീക്കങ്ങളില്‍ നിന്ന് പിന്മാറുന്നതാണ് പതിവ്.