ഗുജറാത്തിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

single-img
29 November 2022

ഗുജറാത്തിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 89 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ പ്രഭവ കേന്ദ്രമായ സൂറത്തിലും, പാരമ്ബരാഗതമായി കോണ്‍ഗ്രസിന് സ്വാധീനമുള്ള സൗരാഷ്ട്ര മേഖലയിലും ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി മുന്‍മന്ത്രി ജയ് നാരായണന്‍ വ്യാസ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് ബിജെപിക്ക് തിരിച്ചടിയായി.

മോര്‍ബി, സൂറത്ത്, ഗിര്‍ സോമനാഥ്, കച്ച്‌,രാജ്കോട്ട്, ജാംനഗര്‍, പോര്‍ബന്തര്‍ എന്നീ മേഖലകളിലാണ് ആദ്യഘട്ട വൊട്ടെടുപ്പ് നടക്കുന്നത്. പ്രചരണത്തില്‍ മോര്‍ബി പാലം ദുരന്തം കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ബിജെപിക്കെതിരെ ആയുധമാക്കിയിരുന്നു. 54 സീറ്റുകളുള്ള സൗരാഷ്ട്ര, കച്ച്‌ മേഖലകളില്‍ 30 സീറ്റ് നേടി കഴിഞ്ഞ തവണ മുന്‍ തൂക്കം നേടിയത് കോണ്‍ഗ്രസ് ആണ്‌. പാട്ടീദാര്‍ പ്രക്ഷോഭത്തിന്റെ അനൂകൂല്യം ഇത്തവണ ഇല്ലെങ്കിലും, ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന്റ പിന്തുണക്കു കാര്യമായ ഇളക്കം തട്ടിയിട്ടില്ല. പാട്ടീദാര്‍ സമുദായത്തില്‍ നിന്ന് കൂടുതല്‍ സ്ഥാനാര്‍ഥികളെ നിയോഗിച്ച ആം ആദ്മി പാര്‍ട്ടി ഇത്തവണ പാട്ടീദാര്‍ വോട്ടുകളുടെ വിഭജനം സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.

ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനാര്‍ഥി കള്‍ എല്ലാം മത്സരിക്കുന്നത് ആദ്യഘട്ടത്തിലാണ്. പാര്‍ട്ടിയുടെ പ്രഭവകേന്ദ്രമായ സൂറത്തില്‍ ഏഴ് മുതല്‍ എട്ട് സീറ്റുകള്‍ വരെ നേടുമെന്ന ആത്മവിശ്വാസം ആം ആദ്മി പാര്‍ട്ടിക്കുണ്ട്. മറ്റു മേഖലകളില്‍ ആം ആദ്മി ചോര്‍ത്തുന്ന വോട്ടുകളാകും നിര്‍ണായകമാകുക. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ എംഎല്‍എ ജയ് നാരായണന്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപി യ്ക്ക് കനത്ത തിരിച്ചടിയായി.