ഒരു മാസത്തോളം നീണ്ടുനിന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാന ലാപ്പിൽ


കോട്ടയം: ഒരു മാസത്തോളം നീണ്ടുനിന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാന ലാപ്പിൽ. പ്രവർത്തകർക്ക് വലിയ ആവേശം നൽകുന്ന റോഡ‍് ഷോകളുമായി മൂന്ന് മുന്നണികളുടെയും നേതാക്കൾ പുതുപ്പള്ളിയിൽ നിറഞ്ഞുനിൽക്കുകയാണ്. കൊട്ടിക്കലാശത്തിന്‍റെ മണിക്കൂറിലേക്ക് പുതുപ്പള്ളി കടക്കുമ്പോൾ പ്രവർത്തകരുടെ ആവേശവും അലയടിച്ചുയരുകയാണ്. കൊട്ടിക്കലാശം നടക്കുന്ന പാമ്പാടിയിലേക്ക് കൊടികളും തോരണങ്ങളുമായി പ്രവർത്തകർ ഒഴുകിയെത്തുകയാണ്. കൊട്ടിക്കലാശത്തിന്‍റെ അവസാന മണിക്കൂറിലേക്ക് കടന്ന പുതുപ്പള്ളിയിൽ ചർച്ചയാകുന്നത് കെ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പോത്ത് പരാമർശവും ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോയുമാണ്. ഇന്ന് പരസ്യപ്രചാരണം അവസാനിക്കുന്ന പുതുപ്പള്ളിയിൽ സെപ്തംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.
പോത്ത് വിവാദം
മുഖ്യമന്ത്രി വായ മൂടികെട്ടിയ പോത്താണെന്നും തൊലിക്കട്ടിയുടെ കൂടുതൽ കൊണ്ടാണ് പുതുപ്പള്ളിയിൽ പ്രചരണത്തിന് എത്തിയതെന്നും തൊലിക്കട്ടി ഇല്ലെങ്കിൽ മുഖ്യമന്ത്രി എത്തില്ലെന്നുമായിരുന്നു കെ പി സി സി അധ്യക്ഷൻ രാവിലെ പറഞ്ഞത്. സുധാകരന് മറുപടിയുമായി മന്ത്രി വാസവനും എത്തിയതോടെ ‘പോത്ത്’ പരാമർശം ചർച്ചയാകുന്നുണ്ട്. പോത്ത് പരാമർശം ചേരുന്നത് സുധാകരന് തന്നെയാണെന്നും കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിന് യോജിക്കാത്ത പരാമർശമാണ് നടത്തിയതെന്നുമാണ് വാസവൻ തിരിച്ചടിച്ചത്. പ്രതികരിക്കേണ്ട വിഷയങ്ങളിലൊക്ക മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിട്ടുണ്ടെന്നും പുതുപ്പള്ളിയിൽ യുഡിഎഫിന് അരലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം കിട്ടുമെന്നത് സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞുവച്ചു.
ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോ
ഉമ്മൻ ചാണ്ടിയുടെ അവസാന നാളുകളിൽ ചികിത്സയിൽ പിഴവ് വരുത്തിയെന്നും ഉമ്മൻ ചാണ്ടിക്ക് പ്രിയപ്പെട്ടവരെ പോലും കാണാൻ കുടുംബം അനുവദിച്ചില്ലെന്നും കാട്ടിയുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം മുതലാണ് സൈബർ ഇടങ്ങളിൽ പ്രചരിച്ചത്. രണ്ട് കോണ്‍ഗ്രസ് നേതാക്കൾ തമ്മിലുള്ള സംഭാഷണം എന്ന നിലയിലാണ് ഇടത് സൈബർ പോരാളികൾ സംഭാഷണം പ്രചരിപ്പിക്കുന്നത്. വേട്ടയാടൽ ഏശില്ലെന്നും മനസ്സാക്ഷിയുടെ കോടതിയിൽ പരിശുദ്ധനാണെന്നുമാണ് ചാണ്ടി ഉമ്മന്‍ ഇതിനോട് പ്രതികരിച്ചത്. ഒരു മകൻ എന്ന നിലയിൽ പിതാവിന് എല്ലാ ചികിത്സയും നൽകിയിട്ടുണ്ട്. സി പി എം വ്യാജ ഓഡിയോകൾ പ്രചരിപ്പിക്കുന്നെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. സംഭാഷണം തിരക്കഥയെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട ഓഡിയോ പ്രചാരണത്തിന് പിന്നിൽ എൽഡിഎഫ് ആണെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ജെയ്ക് സി തോമസ് അഭിപ്രായപ്പെട്ടത്. ആരുടെയും വ്യക്തിപരമായ കാര്യങ്ങളല്ല തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മണ്ഡലത്തിലെ വികസനവും ജീവിത പ്രശ്നങ്ങളുമാണ് ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍, ചര്‍ച്ചകള്‍ മറ്റ് വിഷയങ്ങളിലേക്ക് കേന്ദ്രീകരിക്കണമെന്ന് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടായി. തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം മുതല്‍ താന്‍ സൈബർ ആക്രമണങ്ങള്‍ നേരിടുകയാണ്. കോണ്‍ഗ്രസ് നേതാക്കളാരും ഈ പ്രചരണം തിരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ജെയ്ക്ക് സി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഒന്നാം ദിനം മുതൽ തുടങ്ങിയ വ്യക്തി അധിക്ഷേപങ്ങൾക്ക് കലാശക്കൊട്ടിന്‍റെ അവസാന ലാപ്പിലും അവസാനമായില്ലെന്നാണ് തെളിയുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പൂർണ്ണ ഗർഭിണിയായ ഭാര്യയെയും, തെരഞ്ഞെടുപ്പിന്‍റെ ഒരു ഘട്ടത്തിലും രംഗത്തെത്താതിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെയും മകൾ അച്ചു ഉമ്മനെയും സൈബർ കൂട്ടങ്ങൾ വെറുതെ വിട്ടില്ല.