പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭര്‍ത്താവ് നയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം നേമത്ത് വീട്ടിൽ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നേമം പൊലീസ് മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യ, സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍, ഗര്‍ഭം അലസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്ത പ്രവര്‍ത്തി മൂലമുള്ള മരണം എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.
നേമത്തിനു സമീപം കാരയ്ക്കാമണ്ഡപത്ത് വാടകയ്ക്കു താമസിക്കുന്ന ഷമീറ(36)യും നവജാതശിശുവുമാണ് കഴിഞ്ഞ ദിവസം ചികിത്സ ലഭിക്കാതെ മരിച്ചത്. ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ത്തന്നെ പ്രസവിക്കാന്‍ നയാസ് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അക്യുപങ്ചര്‍ ചികിത്സയ്ക്കു യുവതി വിധേയയായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം ഷെമീറ ബീവിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഷമീറയ്ക്ക് പ്രസവ വേദന ഉണ്ടായത്. പിന്നാലെ അമിതരക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയായി. ഉടൻതന്നെ ഭര്‍ത്താവ് ആംബുലന്‍സ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
അതേസമയം തങ്ങൾ 20 തവണ വീട്ടില്‍ എത്തി ആശുപത്രിയിലേക്ക് യുവതിയെ മാറ്റണമെന്ന് ആവശ്യപെട്ടിരുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. പൂന്തുറ സ്വദേശിയായ നയാസിന്റെ രണ്ടാം വിവാഹമാണിത്. മുന്‍ ഭാര്യ സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നതായും മരണത്തില്‍ ദുരുഹത ഉള്ളതായും നാട്ടുകാര്‍ ആരോപിക്കുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി പൊലീസ് വീട് സീല്‍ ചെയ്തിട്ടുണ്ട്.