ഇന്ത്യയുടെ വിനോദസഞ്ചാരത്തിനും വന്യജീവി സംരക്ഷണത്തിനും ചീറ്റപ്പുലികളുടെ വരവ് വലിയ പങ്ക് വഹിക്കും; നരേന്ദ്ര മോദി
ഗ്വാളിയോര്‍: ഇന്ത്യയുടെ വിനോദസഞ്ചാരത്തിനും വന്യജീവി സംരക്ഷണത്തിനും ചീറ്റപ്പുലികളുടെ വരവ് വലിയ പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുളള നിര്‍ണായക ചുവടുവയ്‌പ്പാണിത്. ചീറ്റകള്‍ക്കായി ബൃഹത്തായ പദ്ധതിയാണ് രാജ്യത്ത് തയ്യാറാക്കിയിരിക്കുന്നത്. മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ തുറന്നുവിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചീറ്റകളെ നല്‍കിയതിന് നമീബിയയ്‌ക്ക് നന്ദി പറയുന്നു. ഇത് ഇന്ത്യയ്‌ക്ക് ചരിത്രനിമിഷമാണ്.
അന്താരാഷ്‌ട്ര നിബന്ധനകള്‍ പാലിക്കുന്നത് അനുസരിച്ച് പൊതുജനങ്ങള്‍ക്ക് ചീറ്റപ്പുലികളെ കാണാന്‍ അല്‍പം നാള്‍ കാത്തിരിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവില്‍ ക്വാറന്റൈന്‍ അറകളിലേക്കാണ് പ്രധാനമന്ത്രി ചീറ്റകളെ തുറന്നുവിട്ടത്. ഇവയെ നിരീക്ഷിച്ച ശേഷം പിന്നീടാകും പൂര്‍ണമായും കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നുവിടുക.