കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനം: ടി പി രാമകൃഷ്ണന്‍

single-img
17 September 2024

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അടിയന്തിര കേന്ദ്ര സഹായം തേടി കേരളാ സർക്കാർ കേന്ദ്രത്തിന് സമര്‍പ്പിച്ച നിവേദനത്തെ ദുരന്തമേഖലയില്‍ ചിലവഴിച്ച തുകയെന്ന രീതിയിൽ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍.

കേന്ദ്ര സർക്കാരിൽ നിന്നുള്ള സഹായം പോലും തകര്‍ക്കുന്ന വിധത്തിൽ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വാര്‍ത്ത വന്ന ഉടനെ ഇത് സംബന്ധിച്ച യാഥാര്‍ത്ഥ്യം പുറത്തുവന്നു. എന്നിട്ടും പത്ര-മാധ്യമങ്ങള്‍ ഈ കള്ളക്കഥയ്ക്ക് പ്രാധാന്യം കൊടുത്ത് പ്രസിദ്ധീകരിക്കുന്ന നിലയുമുണ്ടായി.

സംസ്ഥാനത്തെ വലതുപക്ഷ മാധ്യമങ്ങള്‍ എത്രമാത്രം തരംതാണിരിക്കുന്നുവെന്നതിന്റെ അവസാനത്തെ തെളിവാണ് ഇത്. മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധം നാടിനെ സ്‌നേഹിക്കുന്നവര്‍ ഉയര്‍ത്തേണ്ടതുണ്ടെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇടതുമുന്നണിയെയും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുമെതിരെ നിരന്തരമായ കള്ളപ്രചാരവേലയാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്ന് ടി പി രാമകൃഷ്ണന്‍ വിമര്‍ശിച്ചു.