രണ്ടു മാസത്തിനിടെ അരി വില ശരാശരി 10 രൂപയിലധികം ഉയർന്നു
അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ലഭ്യത കുറഞ്ഞതാണ് വില കൂടാന്‍ പ്രധാന കാരണം. രണ്ടു മാസത്തിനിടെ, എല്ലായിനങ്ങളുടെയും വില ശരാശരി 10 രൂപയിലധികം ഉയര്‍ന്നു. കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ജയ, ജ്യോതി എന്നിവയുടെ വില കുത്തനെ ഉയരുകയാണ്. ഉമ, സുരേഖ, സോണാമസൂരി, ക്രാന്തി എന്നീ ഇനങ്ങള്‍ക്കും 10 രൂപയോളം ഉയര്‍ന്നു. ഉണ്ട, മട്ട ഇനങ്ങളുടെ വിലക്കയറ്റം കിലോഗ്രാമിന് ആറു രൂപയോളമാണ്.
ആന്ധ്ര ജയ അരിക്കാണ് ഏറ്റവും വിലവര്‍ധനയുണ്ടായത്. മൊത്തവിപണിയില്‍ 55- 56 രൂപയാണ് വില. ചില്ലറ വിപണിയില്‍ അതിന് 62 – 63 രൂപവരെ. കര്‍ണാടക ജയക്കും വില കൂടി. 45 – 46 രൂപയായി ചില്ലറ വില. എല്ലാ സംസ്ഥാനങ്ങളിലെയും അരി വിപണി പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. ആന്ധ്ര ജയക്ക് വില കൂടിയതോടെ ആളുകള്‍ വിലകുറഞ്ഞ മറ്റ് സംസ്ഥാനങ്ങളുടെ അരി വാങ്ങാന്‍ തുടങ്ങി. അതോടെ അവക്ക് ഡിമാന്‍ഡ് കൂടി. അവസരം മുതലെടുത്ത് അവരും വിലകൂട്ടി. മഹാരാഷ്ട്രയില്‍നിന്ന് എത്തുന്ന ക്രാന്തിക്ക് ചില്ലറ വിപണിയില്‍ 50 രൂപവരെയായി. ജയയെക്കാള്‍ 12 രൂപയോളം കിലോക്ക് കുറവുള്ളതിനാല്‍ ക്രാന്തിയാണ് കൂടുതല്‍ ചെലവാകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. സുരേഖക്കും ചില്ലറവില കൂടി 41 രൂപവരെയായി. കര്‍ണാടക ജയയുടെ വില മൊത്തവിപണിയില്‍ 37 – 37.50 രൂപയാണ്. മധ്യപ്രദേശില്‍നിന്ന് എത്തുന്ന ജയ 39ന് ലഭിക്കും. ബംഗാളില്‍നിന്ന് എത്തുന്ന സ്വര്‍ണ 31 – 31.50 ആണ് മൊത്തവിപണിയിലെ വില.
ആന്ധ്രയില്‍ ജയയുടെ കൃഷി ഇത്തവണ 40 ശതമാനം കുറഞ്ഞു. അതാണ് വിലവര്‍ധനക്ക് കാരണമായത്. അവിടെ സര്‍ക്കാര്‍ നെല്ല് സംഭരണം തുടങ്ങിയതിനാല്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന ഇനങ്ങള്‍ കൃഷി ചെയ്യുന്നതിലേക്ക് കര്‍ഷകര്‍ ചുവടുമാറ്റി.
പൊതുവിപണിയില്‍ അരി വില്‍പന 60 ശതമാനത്തോളം കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. ഗുണനിലവാരമുള്ള റേഷനരി ലഭിക്കുന്നതിനാല്‍ ആളുകള്‍ അതിനെ ആശ്രയിക്കുന്നു. മാര്‍ക്കറ്റ് വിലയെക്കാള്‍ അഞ്ചിരട്ടിയിലേറെ വിലകുറച്ച് റേഷന്‍കടയില്‍ അരി ലഭിക്കുന്നുണ്ട്. അതില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ അരിവില അതിശയിക്കുന്ന നിലയിലേക്ക് ഉയര്‍ന്നേനെയെന്നും വ്യാപാരികള്‍ പറയുന്നു.
തമിഴ്നാട്ടില്‍ ആഭ്യന്തര വിപണിയില്‍ അരി വില്‍പന കൂടിയിട്ടുണ്ട്. അവിടെ റേഷനരി ഗുണനിലവാരമില്ലാത്തതായതിനാല്‍ ജനങ്ങള്‍ പൊതുവിപണിയെ കൂടുതല്‍ ആശ്രയിക്കുന്നു. അതാണ് തമിഴ്നാട്ടില്‍നിന്നുള്ള അരിവില കൂടാന്‍ കാരണമായത്. അതേസമയം, പച്ചരിക്ക് വില കുറഞ്ഞിട്ടുണ്ട്. കര്‍ണാടക സൂപ്പര്‍ ഫൈന്‍ പച്ചരിക്ക് മൊത്ത വിപണിയില്‍ കിലോക്ക് 25ല്‍നിന്ന് 22.50 ആയി കുറഞ്ഞു. യു.പി ജയ പച്ചരി 29 – 29.50 എന്ന നിലയിലേക്ക് താഴ്ന്നു. നേരത്തേ 31 വരെ എത്തിയിരുന്നു. നവംബര്‍ എത്തുന്നതോടെ അരിവില കുറയുമെന്നാണ് പ്രതീക്ഷ. നവംബര്‍ എത്തുന്നതോടെ യു.പി, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളില്‍ വിളവെടുപ്പ് തുടങ്ങും.