നടിയെ ആക്രമിച്ച കേസിൽ പള്‍സര്‍ സുനി നല്‍കിയ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

single-img
13 February 2023

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നല്‍കിയ ജാമ്യ ഹര്‍ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബഞ്ച് ഇന്ന് പരിഗണിക്കും.

നിശ്ചിത സമയത്തിനകം വിചാരണ പൂര്‍ത്തിയായില്ലെങ്കില്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രിംകോടതി പള്‍സര്‍ സുനിയോട് വ്യക്തമാക്കിയിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതി നല്‍കിയ സമയം ജനുവരി 31ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ വാദം കേള്‍ക്കവെ വിചാരണ പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസില്‍ വിചാരണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേരള ഹൈക്കോടതി രജിസ്ട്രാര്‍ മുഖേനയാണ് തല്‍സമയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സുപ്രിം കോടതിക്ക് കൈമാറിയത്. കേസ് നാളെ കോടതി പരിഗണിക്കുന്നുണ്ട്.

സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ദിലീപ് സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ വിചാരണ ചെയ്ത സാക്ഷികളുടെ വിചാരണ അടക്കം വേണ്ട എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്‍്റെ ഹര്‍ജി. ഇതടക്കമുള്ള അപേക്ഷകളാണ് സുപ്രിം കോടതി നാളെ പരിഗണിക്കുന്നത്. ഇതിന് ഒപ്പമാണ് സുപ്രിം കോടതി തന്നെ ആവശ്യപ്പെട്ടതനുസരിച്ചുള്ള പുതിയ വിചാരണ പുരോഗതി തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്താണ് എന്നതിനെ സംബന്ധിച്ച്‌ നാളെ കോടതിയില്‍ മാത്രമായിരിക്കും വ്യക്തത ഉണ്ടാവുക.