ബി ജെ പിയെ നയിക്കുന്നത് ഭരണഘടന മാറ്റാതെ ഹിന്ദുത്വ അജണ്ട നടപ്പാക്കാമെന്ന ഹുങ്ക്: എളമരം കരീം

single-img
23 February 2024

രാജ്യത്തിന്റെ ഭരണഘടന മാറ്റാതെ തന്നെ ഹിന്ദുത്വ അജണ്ട നടപ്പാക്കാമെന്ന ഹുങ്കാണ്‌ ബി ജെ പിയെ നയിക്കുന്നതെന്ന്‌ സിപിഐ കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി. മതനിരപേക്ഷ ശക്തികൾ ഒന്നിച്ച് നിൽക്കുക മാത്രമാണ് ഏക പോംവഴിയെന്നും കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച എൽ ഡി എഫ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ഗോഡ്സയെ പ്രകീർത്തിച്ച് കുറിപ്പിട്ട എൻ ഐ ടി അധ്യാപിക ഷൈജ ആണ്ടവനെ പുറത്താക്കുക, ന്യൂനപക്ഷ ആരാധനാലയങ്ങൾക്കെതിരായ സംഘപരിവാർ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൽ ഡി എഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

ഷൈജ ആണ്ടവൻ ചെയ്ത ഫേസ് ബുക്ക് പോസ്റ്റ് ഹീനമാണ്. കേരളത്തിലുള്ള അധ്യാപികയ്ക്ക് ഇങ്ങനെ പെരുമാറാൻ കഴിയുന്നത് കേന്ദ്ര സർക്കാരിന്റെ പിൻബലം കൊണ്ടാണോ എന്നും എളമരം കരീം ചോദിച്ചു. ഇതിനോട് പ്രതികരിച്ചില്ലെങ്കിൽ നമ്മുടെ ക്യാമ്പസുകൾ വർഗീയതയുടെ കൂത്തരങ്ങായി മാറും. കോൺഗ്രസിന് ഇതുപോലുള്ള വിഷയങ്ങളിലെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു.