താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന് രജിസ്‌ട്രേഷനും ഫിറ്റ്‌നസും ഉണ്ടായിരുന്നില്ല

single-img
8 May 2023

മലപ്പുറം: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന് രജിസ്‌ട്രേഷനും ഫിറ്റ്‌നസും ഉണ്ടായിരുന്നില്ല. മാരിടൈം ബോര്‍ഡ് ബോട്ടിന്റെ സര്‍വേ നടത്തിയിരുന്നെങ്കിലും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല.

മത്സ്യബന്ധന ബോട്ടാണ് ടൂറിസ്റ്റ് ബോട്ടാക്കി മാറ്റിയത്. യാര്‍ഡില്‍ പോയി ബോട്ടിന് രൂപമാറ്റം വരുത്തിയതാണെന്നാണ് സൂചന.ഇത്തരം ബോട്ടുകള്‍ക്ക് വിനോദസഞ്ചാരത്തിന് അനുമതി കൊടുക്കാറില്ല എന്നിരിക്കെ അറ്റ്‌ലാന്റിക്കിന് എങ്ങനെ ലഭിച്ചുവെന്നും അന്വേഷിക്കുന്നുണ്ട്. ബോട്ടിന്റെ വശങ്ങളില്‍ അപകടകരമായ രീതിയില്‍ ആളുകള്‍ക്ക് നില്‍ക്കാനും സൗകര്യമുണ്ടായിരുന്നു. ബോട്ടില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് കയറാനാണ് അനുമതിയുണ്ടായിരുന്നത്.

ബോട്ടിന്റെ അപ്പര്‍ ഡെക്കില്‍ യാത്ര വിലക്കിയിട്ടുള്ളതാണ്. എന്നാല്‍ ബോട്ടിന് മുകളില്‍ വരെ ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അനുവദനീയമായതിലും അധികം ആളുകള്‍ തിങ്ങിനിറഞ്ഞാണ് ബോട്ട് പുറപ്പെട്ടത്. ബോട്ടു ചരിഞ്ഞാണ് പോകുന്നതെന്ന് നാട്ടുകാര്‍ ബോട്ടുജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അത് അവഗണിച്ചുപോയ ബോട്ട് അരക്കിലോമീറ്റര്‍ മാത്രം പുഴയിലേക്ക് നീങ്ങിയപ്പോള്‍ ഇടത്തേക്ക് ചരിഞ്ഞ് കീഴ്‌മേല്‍ മറിഞ്ഞുവെന്ന് നാട്ടുകാര്‍ പറയുന്നു.

ബോട്ടിലേക്ക് 40 പേര്‍ക്കാണ് ടിക്കറ്റ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറിയ കുട്ടികള്‍ക്ക് ടിക്കറ്റ് നല്‍കിയിരുന്നില്ല. തിരക്കുമൂലം ടിക്കറ്റെടുത്ത ഏതാനും പേര്‍ ബോട്ടില്‍ കയറിയിരുന്നില്ല. നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. അപകടത്തെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്. പെരുന്നാള്‍ സമയത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ബോട്ട് പിന്നീട് ചില ഇടപെടലുകളെത്തുടര്‍ന്ന് പുറത്തിറക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.