കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും
കണ്ണൂര്‍: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും.
അന്തിമോപചാരമര്‍പ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 12.30ടെ കണ്ണൂരിലെത്തും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ നാളെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.
മൃതദേഹം ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചിട്ടുണ്ട്. എയര്‍ ആംബുലന്‍സിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ വിലാപ യാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകും. രാത്രി പത്ത് വരെ തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.
14 ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാം പീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്ബ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാംമൈല്‍, വേറ്റുമല്‍, കതിരൂര്‍, പൊന്ന്യംസ്രാമ്ബി, ചുങ്കം എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.
തുടര്‍ന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ പത്ത് മണിവരെ അവിടെ പൊതുദര്‍ശനം ഉണ്ടാകും. രാവിലെ 11 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെ പൊതുദര്‍ശനത്തിനു ശേഷം പകല്‍ മൂന്നിന് പയ്യാമ്ബലത്ത് സംസ്‌കരിക്കും. ആദരസൂചകമായി തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ തിങ്കളാഴ്‌ച ഹര്‍ത്താല്‍ ആചരിക്കും.