ബ്രേക്ക് നഷ്ടപ്പെട്ട തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് തലനാരിഴക്ക് രക്ഷപ്പെട്ടത് കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍

single-img
19 November 2022

എരുമേലി: പമ്ബാപാതയിലെ കണമല ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് തലനാരിഴക്ക് രക്ഷപ്പെട്ടത് മുന്നിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍.

നിയന്ത്രണംവിട്ട തീര്‍ഥാടക വാഹനത്തെ ഇടിച്ചുനിര്‍ത്താനുള്ള അവസരം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഒരുക്കിനല്‍കിയതാണ് വന്‍ ദുരന്തംവഴി മാറാന്‍ കാരണമായത്.

നിരവധി അപകടമരണങ്ങള്‍ സംഭവിച്ചിട്ടുള്ള കണമല ഇറക്കത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ആന്ധ്ര സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന്‍റെ ബ്രേക്ക് തകരാറിലാകുകയായിരുന്നു. തീര്‍ഥാടകരുടെ ബഹളംകേട്ട് എറണാകുളത്തുനുന്ന് പമ്ബയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ജീവനക്കാര്‍ ഉടന്‍ വേഗത കുറച്ച്‌ തീര്‍ഥാടകവാഹനത്തെ ഇടിച്ചുനിര്‍ത്താന്‍ സഹായിക്കുകയായിരുന്നു. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

എരുമേലിയില്‍നിന്ന അഗ്നിരക്ഷസേനയും സ്ഥലത്തെത്തി. എരുമേലിയില്‍ നിന്നെത്തിച്ച രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളിലായി ഇരുവാഹനത്തിലെയും തീര്‍ഥാടകരെ പമ്ബയിലേക്കയച്ചു. സര്‍ക്കാര്‍ ബസിനുണ്ടായ നഷ്ടം തീര്‍ഥാടകര്‍ നല്‍കി.

സമയോചിത ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവാക്കിയ കെ.എസ്.ആര്‍.ടി.സി ബസിലെ ജീവനക്കാരായ കണ്ടക്ടര്‍ എം.ബി. രാജീവിനും ഡ്രൈവര്‍ പി.ആര്‍. സന്തോഷിനും അഭിനന്ദനപ്രവാഹമായിരുന്നു.