എഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭായോഗത്തില്‍ തീരുമാനം

single-img
26 April 2023

എഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഗതാഗത വകുപ്പിന്റെ ഇടപാടുകളെക്കുറിച്ച്‌ അഞ്ച് പരാതികളാണ് വിജിലന്‍സിന് ലഭിച്ചത്.

മുന്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്ഥലം മാറ്റം ഉള്‍പ്പെടെ വിവിധ ഇടപാടുകളില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.

പ്രാഥമിക അന്വേഷണത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. രാജീവ് പുത്തലത്തിനെതിരായ ആരോപണത്തില്‍ രണ്ടാഴ്ച മുമ്ബു തന്നെ വിജിലന്‍സ് പരിശോധിച്ചു തുടങ്ങിയിരുന്നു. സര്‍ക്കാരിന്റെ അനുമതിയോടെയായിരുന്നു പരിശോധന.രാജീവ് പുത്തലത്തിനെതിരെയുള്ള ഒന്നാമത്തെ പരാതി എഐ ക്യാമറകള്‍ വാങ്ങിയതിലും സ്ഥാപിക്കലിലും അഴിമതി നടന്നു എന്നുള്ളതാണ്. ഇതില്‍ പരാതി ലഭിച്ച ഉടന്‍ തന്നെ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനെ വിവരം അറിയിച്ചു. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് രണ്ടാണ് കേസ് അന്വേഷിച്ചു വരുന്നത്. എഐ ക്യാമറ വാങ്ങിയതുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് സൂചന.