അപകടം നടക്കുമ്പോൾ കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല; തൊട്ടടുത്ത ദിവസം ഓണ്‍ലൈന്‍ വഴി പുതുക്കി

single-img
18 September 2024

കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി ആനൂർകാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടം നടക്കുമ്പോൾ പ്രതി അജ്മൽ ഓടിച്ച കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല.

അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ള KL Q 23 9347 എന്ന നമ്പറിലുള്ള കാറാണ് അപകടം വരുത്തിയത്. കാറിന്റെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. പക്ഷെ അപകടം നടന്ന് തൊട്ടടുത്ത ദിവസം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തുടര്‍പോളിസി ഓണ്‍ലൈന്‍ വഴി പുതുക്കി.

പതിനാറ് മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് ഇന്‍ഷുറന്‍സ് പുതുക്കിയത്. ഇതിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് പുതുക്കിയതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിൽ നിന്നും പൊലീസ് വിവരം തേടിയിട്ടുണ്ട്. അജ്മലിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചിരുന്നു. കേസിൽ ശാസ്താംകോട്ട പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതികളായ അജ്മലിനെയും സുഹൃത്ത് ഡോ. ശ്രീക്കുട്ടിയേയും 3 ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്ന് പൊലീസ് ആവശ്യപ്പെടും.