തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസ്; മന്ത്രി ആന്റണി രാജുവിനെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി
10 March 2023
സംസ്ഥാന ഗതാഗത മന്ത്രി ആൻറണി രാജുവിനെതിരെയുള്ള തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിലെ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി. വിഷയത്തിൽ പൊലീസീന് കേസെടുക്കാൻ അധികാരമില്ലെന്നായിരുന്നു ആൻറണി രാജുവിൻറെ വാദം . മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ അവകാശമുള്ളുവെന്നും വാദിച്ചു.
ഈ സാങ്കേതിക തടസ്സം അംഗീകരിച്ചാണ് കോടതിയുടെ നടപടി. അതേസമയം, കേസ്ആ ഏറെ ഗൗരവമുള്ളതെന്നും കോടതി നിരീക്ഷിച്ചു. നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ട് പോകുന്നതിന് തടസമില്ല. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നത് എന്ന് കോടതി വ്യക്തമാക്കി. ആൻറണി രാജു , ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരുടെ ഹർജിയിലാണ് ഉത്തരവ്.