ഒറ്റയ്ക്ക് മക്കളെ വളര്‍ത്തേണ്ടി വരുന്ന പുരുഷ ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി കേന്ദ്രം


ദില്ലി: ഒറ്റയ്ക്ക് മക്കളെ വളര്‍ത്തേണ്ടി വരുന്ന പുരുഷ ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി കേന്ദ്രം. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്ക് ശിശുപരിപാലനത്തിനായി ശമ്പളത്തോട് കൂടിയ അവധി നല്‍കാന്‍ തീരുമാനമായി. നേരത്തെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യമുണ്ടായിരുന്നത്. ഭാര്യ മരിക്കുകയോ, വിവാഹ മോചനം നേടുകയോ ചെയ്തിട്ടുള്ള പുരുഷ ഓഫീസര്‍മാര്‍ക്ക് നിലവിലെ തീരുമാനം അനുസരിച്ച് രണ്ട് വര്‍ഷം ശമ്പളത്തോടെ ലീവ് എടുക്കാനാവും.
ആദ്യ വര്‍ഷം മുഴുവന്‍ ശമ്പളത്തോടെയും രണ്ടാം വര്‍ഷം എണ്‍പത് ശതമാനം ശമ്പളത്തോടെയുമാണ് അവധി ലഭിക്കുക. 18 വയസില്‍ താഴെ പ്രായമുള്ള സിംഗിള്‍ ഫാദര്‍മാര്‍ക്ക് തീരുമാനം അനുസരിച്ചുള്ള ആനുകൂല്യം ലഭ്യമാകും. ശിശുപരിപാലനത്തിന് വേണ്ടിയുള്ള അവധി അപേക്ഷയെ മറ്റ് ലീവുകളുമായി ബന്ധപ്പെടുത്തില്ല. ഒഴിവാക്കാന്‍ കഴിയാത്ത ചില സാഹചര്യങ്ങളില്‍ അല്ലാതെ പ്രൊബേഷന്‍ കാലത്ത് ഈ ആനുകൂല്യം ലഭ്യമാകില്ല. എടുക്കുന്ന അവധി അഞ്ച് ദിവസത്തില്‍ കുറയാന്‍ പാടില്ലെന്നും ഇത്തരവ് വ്യക്തമാക്കുന്നു.
കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് തവണയായി ആണ് ഈ ആനുകൂല്യം ഉപയോഗിക്കാന്‍ ആവുക. കുട്ടികളുടെ വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ കാര്യങ്ങള്‍ നോക്കുന്നതിന് വേണ്ടിയാണ് അവധി. ഇതിനായി 1955ലെ അലിലേന്ത്യാ ലീവ് ചട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പഴ്സണല്‍ മന്ത്രാലയം ഭേദഗതി വരുത്തിയത്. ശമ്പള വ്യവസ്ഥയിലും മറ്റ് നിബന്ധനകളിലും ചെറിയ മാറ്റത്തോടെയാണ് തീരുമാനം. അവധിയില്‍ പോകുന്നതിന് മുന്‍പ് അവസാനമായി വാങ്ങിയ ശമ്പളം ആദ്യ വര്‍ഷം മുഴുവനും രണ്ടാം വര്‍ഷത്തില്‍ എണ്‍പത് ശതമാനവും എന്നതാണ് ശമ്പള സംബന്ധിയായ പ്രധാന മാറ്റം.