കേന്ദ്ര സര്‍ക്കാര്‍ ദ്രൗപതിയെ പോലെ വസ്ത്രാക്ഷേപം നടത്തി; ജനങ്ങളാണ് ഭഗവാന്‍ കൃഷ്ണനായി മാറിയത്: മഹുവ മൊയ്ത്ര
ലോക്‌സഭയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. കഴിഞ്ഞ സർക്കാരിന്റെ കാലത്തു ലോക്‌സഭയില്‍ തന്നെ നിശബ്ദരാക്കാന്‍ ശ്രമിച്ച ഭരണപക്ഷത്തെ ജനങ്ങള്‍ നിശബ്ദരാക്കിയെന്ന് മഹുവ മൊയ്ത്ര പറഞ്ഞു.
പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറില്‍ നിന്നുള്ള എംപിയാണ് മഹുവ മൊയ്ത്ര. രാഹുല്‍ ഗാന്ധിയ്ക്ക് ശേഷം സംസാരിച്ച മഹുവയുടെ വാക്കുകള്‍ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്താണ് മഹുവ സഭയില്‍ സംസാരിച്ചു തുടങ്ങിയത്. ഒരു മണിക്കൂറിലേറെയായി സഭയിലുള്ള ബഹുമാനപ്പെട്ട പ്രധാനമന്ത്രി തനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് പറഞ്ഞ ശേഷമായിരുന്നു മഹുവ സംസാരിച്ച് തുടങ്ങിയത്.
തന്നെ സഭയിൽ ഭരണപക്ഷം വസ്ത്രാക്ഷേപം നടത്തിയെന്നും ജനങ്ങളായിരുന്നു തന്റെ കൃഷ്ണനെന്നും മഹുവ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പും തിരഞ്ഞെടുപ്പ് കാലത്തും തന്നെ കേന്ദ്ര സര്‍ക്കാര്‍ ദ്രൗപതിയെ പോലെ വസ്ത്രാക്ഷേപം നടത്തുകയായിരുന്നു. ജനങ്ങളാണ് തനിക്ക് ഭഗവാന്‍ കൃഷ്ണനായി മാറിയതെന്നും കൃഷ്ണനഗര്‍ എംപി കൂട്ടിച്ചേര്‍ത്തു. തന്നെ ഈ സഭയില്‍ സംസാരിക്കാന്‍ ഭരണപക്ഷം അനുവദിച്ചിരുന്നില്ല.
അതേപോലെ, തന്നെ വീട്ടിലിരുത്താന്‍ ശ്രമിച്ച ബിജെപിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ബിജെപിയുടെ 63 എംപിമാര്‍ ഇപ്പോൾ സ്ഥിരമായി വീട്ടിലിരിക്കുന്നതെന്നും മഹുവ പരിഹസിച്ചു. കഴിഞ്ഞ സഭയില്‍ 303 അംഗങ്ങളുണ്ടായിരുന്ന ബിജെപി തന്നെ നിശബ്ദയാക്കാന്‍ ശ്രമിച്ചതിന്റെ നിരന്തര ഫലമായാണ് 240 സീറ്റുകളിലേക്കെത്തിയതെന്നും മഹുവ അഭിപ്രായപ്പെട്ടു.