മോഹൻ ഭഗവതിൻ്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ
ആർഎസ്എസ് തലവൻ മോഹൻ ഭഗവതിൻ്റെ സുരക്ഷാ വർധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം . പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമുള്ള അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ (എഎസ്എൽ) സുരക്ഷയാണ് ഭഗവതിന് നൽകിയിരിക്കുന്നത്.
ബിജെപി ഇതര ഭരണ സംസ്ഥാനങ്ങളിൽ മോഹൻ ഭാഗവത് സന്ദർശനം നടത്തുമ്പോൾ സുരക്ഷാ തുടർച്ചയായി വീഴ്ചയുണ്ടാകുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ സിഐഎസ്എഫ് ഇസഡ് പ്ലസ് സുരക്ഷയായിരുന്നു ഭഗവതിനായി നൽകിയിരുന്നത് .
പക്ഷെ തീവ്രവാദ ഗ്രൂപ്പുകൾ ഭഗവതിനെ ലക്ഷ്യമിടുന്നതിനാൽ അദ്ദേഹത്തിൻ്റെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ വർധിച്ചിരുന്നു. പുതിയ പ്രോട്ടോക്കോൾ പ്രകാരം, ജില്ലാ ഭരണകൂടങ്ങളും പൊലീസും ആരോഗ്യ വകുപ്പുകളും ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥരും ഗാർഡുകളും ഉൾപ്പെടെയുള്ളവരാണ് ഭഗവതിൻ്റെ സുരക്ഷയിൽ സജീവ പങ്ക് വഹിക്കുക.
മൾട്ടി-ലേയേർഡ് സെക്യൂരിറ്റി റിംഗുകൾ, പ്രീ-വിസിറ്റ് റിവ്യൂ റിഹേഴ്സലുകളും ഈ സുരക്ഷാസംവിധാനത്തിൽ ഉൾപ്പെടും. അദ്ദേഹത്തിന് യാത്ര ചെയ്യാൻ പ്രത്യേക ഹെലികോപ്റ്ററുകളും ഉണ്ടായിരിക്കും.