മുഖ്യമന്ത്രി ഇന്നുവരെ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചിട്ടില്ല; ജയ്ഹിന്ദ് എന്ന് പറഞ്ഞിട്ടില്ല: കെ സുരേന്ദ്രൻ


കേരളത്തിൽ ഇടത്-വലത് മുന്നണികൾ സാധാരണക്കാരായ ജനങ്ങളിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭിന്നിപ്പുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുസ്‌ലിംങ്ങളെ രണ്ടാംതരം പൗരന്മാരായാണ് ചിത്രീകരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ലോകത്തിൽ നിന്നും നിന്ന് ആട്ടിയോടിക്കപ്പെട്ടവരെയെല്ലാം ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ഇത് ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കാനുളള നീക്കമാണ്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണെന്നും പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി സിഎഎ വിരുദ്ധ സെമിനാറുകളിൽ മാത്രം പങ്കെടുക്കുകയാണ്. മുഖ്യമന്ത്രി ഇന്നുവരെ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചിട്ടില്ല, ജയ്ഹിന്ദ് എന്ന് പറഞ്ഞിട്ടില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.