വയനാട്ടിലെ തകര്‍ച്ച ഉണങ്ങാന്‍ സമയമെടുക്കുന്ന, ആഴമുള്ള ഒരു മുറിവാണ്; കുറിപ്പുമായി മോഹൻലാൽ

single-img
3 August 2024

വയനാട് ജില്ലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന പ്രദേശങ്ങള്‍ നടൻ മോഹന്‍ലാല്‍ ഇന്ന് സന്ദര്‍ശിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണല്‍ പദവിയുള്ള മോഹന്‍കൂടി അംഗമായ 122 ടിഎ മദ്രാസ് ബെറ്റാലിയനും ഉരുള്‍പൊട്ടല്‍ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ്.

പൂർണ്ണമായും സൈനിക യൂണിഫോമിലാണ് അദ്ദേഹം സന്ദർശനത്തിന് എത്തിയത്. ഇപ്പോൾ ഇതാ ,സന്ദര്‍ശനത്തിന് ശേഷം സോഷ്യല്‍ മീഡിയയിലും അദ്ദേഹം ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ്.

“വയനാട്ടിലെ തകര്‍ച്ച ഉണങ്ങാന്‍ സമയമെടുക്കുന്ന, ആഴമുള്ള ഒരു മുറിവാണ്. നഷ്ടപ്പെട്ട ഓരോ വീടും തടസപ്പെട്ട ജീവിതവും ഒരു വ്യക്തിപരമായ ദുരന്തമാണ്. അടിയന്തിര സഹായമെന്ന നിലയില്‍ വിശ്വശാന്തി ഫൌണ്ടേഷന്‍ 3 കോടി രൂപ നല്‍കും. ഡോര്‍ഫ്- കേതല്‍ കെമിക്കല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ പിന്തുണയോടെയാണ് ഇത്. മുണ്ടക്കൈയിലെ എല്‍പി സ്കൂളിന്‍റെ പുനര്‍നിര്‍മ്മാണമാണ് ഞങ്ങളുടെ ഉറപ്പുകളില്‍ ഒന്ന്.

ഞാന്‍ കൂടി അംഗമായ 122 ടിഎ മദ്രാസ് ബെറ്റാലിയനിലെ സൈനികരുടെയും മറ്റ് രക്ഷാപ്രവര്‍ത്തകരുടെയും സധൈര്യമുള്ള പ്രയത്നത്തിന് സാക്ഷ്യം വഹിച്ചത് വലിയ അനുഭവമായിരുന്നു. അവരുടെ നിസ്വാര്‍ഥമായ അര്‍പ്പണവും തകരാതെ പിടിച്ചുനിന്ന സമൂഹവും പ്രതീക്ഷ സൃഷ്ടിക്കുന്നു. ഒരുമിച്ച് നമ്മള്‍ പുനര്‍നിര്‍മ്മിക്കും, മുറിവുണക്കും, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരും”, മോഹന്‍ലാല്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.