യുവാവിന്‍റെ മരണത്തിന് ഇടയാക്കിയ മോക്ഡ്രില്‍ നടത്തിപ്പിലെ വീഴ്ചകള്‍ വിശദമാക്കി കളക്ടറുടെ റിപ്പോര്‍ട്ട്
പടുതോട്: പത്തനംതിട്ടയില്‍ യുവാവിന്‍റെ മരണത്തിന് ഇടയാക്കിയ മോക്ഡ്രില്‍ നടത്തിപ്പിലെ വീഴ്ചകള്‍ വിശദമാക്കി കളക്ടറുടെ റിപ്പോര്‍ട്ട്.
മോക്ഡ്രില്‍ നടത്തിപ്പില്‍ വകുപ്പുകള്‍ തമ്മിലുളള ഏകോപനത്തിലും വീഴ്ച സംഭവിച്ചെന്നാണ് ആരോപണം. ആദ്യം തീരുമാനിച്ച സ്ഥലത്ത് നിന്ന് മോക്ഡ്രില്‍ മാറ്റി. സ്ഥലം മാറ്റി നിശ്ചയിച്ചത് ജില്ലാ കളക്ടറെ അറിയിക്കാതെ ആയിരുന്നു. കളക്ടര്‍ അനുമതി നല്‍കിയത് അമ്ബാട്ട്ഭാഗത്ത് മോക്ഡ്രില്‍ നടത്താന്‍ വേണ്ടിയായിരുന്നു. എന്നാല്‍ മോക്ഡ്രില്‍ നടന്നത് നാല് കിലോമീറ്റര്‍ മാറി പടുതോട് ഭാഗത്തായിരുന്നു.
എന്‍ഡിആര്‍എഫ് അനുമതി വാങ്ങാതെയാണ് സ്ഥലം മാറ്റിയതെന്ന് കളക്ടര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്. എന്നാല്‍ വാഹനം എത്താനുള്ള സൗകര്യം നോക്കിയാണ് സ്ഥലം മാറ്റിയതെന്ന് എന്‍ഡിആര്‍എഫ് വിശദീകരിക്കുന്നത്.രക്ഷാ പ്രവര്‍ത്തനം നടത്താന്‍ എന്‍ഡിആര്‍എഫ് വൈകിയെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സും തമ്മിലും ഏകോപനം ഉണ്ടായില്ല. മോക്ഡ്രില്ലില്‍ പങ്കെടുത്ത വകുപ്പുകള്‍ക്ക് തമ്മില്‍ പരസ്പര ധാരണയുണ്ടായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മോക്ഡ്രില്ലിനിടെ മണിമലയാറ്റില്‍ മുങ്ങിത്താഴ്ന്ന തുരുത്തിക്കാട് സ്വദേശി ബിനുസോമന്‍ ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്ന ബിനു സോമന്‍റെ മരണം രാത്രിയോടെ സ്ഥിരീകരിക്കുകയായിരുന്നു.
ഉരുള്‍പൊട്ടല്‍ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനായി ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മോക്ഡ്രില്ലാണ് യുവാവിന്‍റെ ജീവനെടുത്തത്. എല്ലാ കൊല്ലവും വെള്ളപ്പെക്കത്തില്‍ അപകടങ്ങളുണ്ടാവുന്ന പടുതോട് പാലത്തിന് സമീപത്താണ് രാവിലെ ഒന്‍പത് മണിയോടെ മോക്ഡ്രില്‍ തുടങ്ങിയത്. നീന്തല്‍ അറിയാവുന്ന നാട്ടുകാരുടെ സഹകരണവും ദുരന്ത നിവാരണ അതോരിറ്റി തേടിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബിനു സോമനും മറ്റ് മൂന്ന് പേരും പ്രതീകാത്മക അപകട രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. എന്‍എഡിആര്‍എഫ്, അഗ്നിശമന സേന എന്നിവരുടെ നിര്‍ദേശ പ്രകാരം വെള്ളത്തില്‍ വീണവരെ രക്ഷിക്കുന്ന രീതി പരീക്ഷിക്കുന്നതിനിടയാലാണ് ബിനു അഴത്തിലുള്ള കയത്തില്‍ വീണത്. അരമണിക്കൂറോളം വെള്ളത്തില്‍ മുങ്ങിതാഴ്‍ന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്